ബിഎംഡബ്ല്യു എക്‌സ്7 ഇന്ത്യൻ വിപണിയിൽ

Jaihind News Bureau
Monday, July 29, 2019

ജർമ്മൻ വാഹന നിർമ്മാതാക്കളുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്യുവിയായ ബിഎംഡബ്ല്യു എക്‌സ്7 ഇന്ത്യൻ വിപണിയിൽ. തൽക്കാലം എക്‌സ്‌ഡ്രൈവ്40 ഐ, എക്‌സ്‌ഡ്രൈവ് 30ഡി ഡിപിഇ സിഗ്‌നേച്ചർ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകൾ അഥവാ വേരിയന്‍റുകളിൽ ബിഎംഡബ്ല്യു എക്‌സ്7 ലഭിക്കും. 98.90 ലക്ഷം രൂപയാണ് ഇന്ത്യയിൽ എക്‌സ് ഷോറൂം വില.

ബിഎംഡബ്ല്യു എക്‌സ്5 എസ്യുവിയുടെ മുകളിലാണ് പൂർണ്ണമായും പുതിയ മോഡലിന് സ്ഥാനം. 30ഡി വേരിയന്‍റ് ഇന്ത്യയിൽ അസംബിൾ ചെയ്യുമ്പോൾ 40ഐ വേരിയന്‍റ് പൂർണ്ണമായും നിർമ്മിച്ചശേഷം ഇറക്കുമതി ചെയ്യും. മെഴ്‌സേഡസ് ബെൻസ് ജിഎൽഎസ്, ലാൻഡ് റോവർ റേഞ്ച് റോവർ തുടങ്ങിയ വലിയ ആഡംബര എസ്യുവികളാണ് എതിരാളികൾ.

3.0 ലിറ്റർ, ഇൻലൈൻ 6, ടർബോ പെട്രോൾ എൻജിനാണ് എക്‌സ്‌ഡ്രൈവ്40ഐ വേരിയന്‍റിന് കരുത്തേകുന്നത്. ഈ മോട്ടോർ 340 എച്ച്പി കരുത്തും 450 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. എക്‌സ്‌ഡ്രൈവ്30ഡി വേരിയന്‍റിൽ നൽകിയിരിക്കുന്ന 3.0 ലിറ്റർ, ഇൻലൈൻ 6, ടർബോ ഡീസൽ എൻജിൻ 265 എച്ച്പി കരുത്തും 620 എൻഎം ടോർക്കുമാണ് പുറപ്പെടുവിക്കുന്നത്. എക്‌സ്7 എസ്യുവിയുടെ എം50ഡി എന്ന ടോപ് വേരിയന്‍റ് ഈ വർഷം ഒക്‌റ്റോബറിൽ ഇന്ത്യയിൽ അവതരിപ്പിക്കും.