പതിനാല് വയസുകാരന്‍ അമന്‍ പാർത്ഥിവ് എഴുതിയ ‘ബ്ലോസമിങ്ങ് സോള്‍സ്’ മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു

Jaihind Webdesk
Saturday, January 1, 2022

കളമശ്ശേരി കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി അമൻ പാർത്ഥിവ് കൃഷ്ണൻ എഴുതിയ  ‘ബ്ലോസമിങ്ങ് സോള്‍സ്’ എന്ന ഇംഗ്ലീഷ് ചെറുകഥാ സമാഹാരം മമ്മൂട്ടി, നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർക്ക് നൽകി പ്രകാശനം ചെയ്തു. ആലപ്പുഴ നൂറനാട് മാടമ്പിശ്ശേരിൽ ശരത് ചന്ദ്രന്‍റെയും ഡോ. കൃപ കൃഷ്ണന്‍റെയും മകനാണ് അമന്‍.

കഴിഞ്ഞ ലോക്ഡൗൺ കാലത്താണ്  കുട്ടിക്കാലം മുതല്‍ കണ്ടതും കേട്ടതും അറിഞ്ഞതുമായ സംഭവങ്ങളെ അമാന്‍ നോട്ട്ബുക്കുകളുടെ ഒഴിഞ്ഞ പേജുകളില്‍ കുത്തികുറിച്ച് തുടങ്ങുന്നത്. യാഥൃശ്ച്കമായി ഈ ചെറുകഥകള്‍ വായ്ക്കാനിടയായ അമ്മ   കൃപ കൃഷ്ണന്‍ ശരത്താണ് അമാന്‍റെ എഴുത്തിലുള്ള വൈദഗ്ധ്യം തിരിച്ചറിഞ്ഞ് മകനെ പ്രോത്സാഹിപ്പിച്ചത്.

ശശി തരൂർ എംപിയാണ് ‘ബ്ലോസമിങ്ങ് സോള്‍സ്’ ന്‍റെ അമുഖമെഴുതിയത്. ചെറുകഥയുടെ ഡ്രാഫ്റ്റ് വായിച്ച ശശി തരൂർ  “അമൻ ഇനിയുമൊരുപാടുകാലം വായനക്കാരെ വിസ്മയിപ്പിക്കുമെന്നും ഞാനുമതിൽ ഒരാളായിരിക്കുമെന്നും ” എഴുതി. അദ്ദേഹത്തിന് പുറമെ ഇന്ത്യന്‍ എക്സ്പ്രസ് അസോസിയേറ്റ് എഡിറ്റർ ശ്രീജന്‍ ബാലകൃഷണനും അമന്‍റെ പുസ്തകത്തിന് പ്രോത്സാഹനമെഴുതി.

ചടങ്ങിൽ രമേഷ് പിഷാരടി, നിർമ്മാതാക്കളായ ആന്‍റോ ജോസഫ് , സർഗചിത്ര അപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു. ഡൽഹി ആസ്ഥാനമായ ബ്ലൂറോസ് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.