അബുദാബി രാജ്യാന്തര വിമാനത്താവളത്തിനടുത്ത് സ്ഫോടനം; രണ്ട് ഇന്ത്യക്കാർ ഉള്‍പ്പെടെ മൂന്ന് മരണം, 6 പേർക്ക് പരിക്ക്; ഡ്രോണ്‍ ആക്രമണമെന്ന് സംശയം

Elvis Chummar
Monday, January 17, 2022

 

ദുബായ് : അബുദാബി മുസഫ ഐകാഡ് സിറ്റിയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് മരണം. മൂന്ന് പെട്രോള്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ആറ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ നിര്‍മാണ കേന്ദ്രത്തിനു സമീപവും തീപിടിത്തമുണ്ടായി. നിരവധി മലയാളികള്‍ താമസിക്കുന്ന സ്ഥലമാണ് മുസഫ മേഖല.

അബുദാബി വ്യവസായ മേഖലയായ ഐകാഡ് മൂന്നില്‍ ജനുവരി 17 ന് രാവിലെയായിരുന്നു സംഭവം. അഡ്‌നോക് സംഭരണ ടാങ്കുകള്‍ക്കു സമീപമുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ടാങ്കറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അബുദാബി പൊലീസ് സ്ഥിരീകരിച്ചു. അഗ്‌നിശമനസേന സംഭവസ്ഥലത്തെത്തി തീയണച്ചു.

ഡ്രോണ്‍ പോലുള്ള വസ്തു പ്രദേശത്തു വീഴുകയും തീപിടിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് യുഎഇ വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.