സത്യപ്രതിജ്ഞക്ക് മുന്നേ എൻഡിഎയിൽ പൊട്ടിത്തെറി: കാബിനറ്റില്‍ സ്ഥാനം ഇല്ല; മന്ത്രിസഭയിലേക്കില്ല, ഇടഞ്ഞ് എന്‍സിപി

Sunday, June 9, 2024

 

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എന്‍ഡിഎയില്‍ പൊട്ടിത്തെറി. എന്‍സിപി അജിത് പവാര്‍ പക്ഷം മന്ത്രിസഭയില്‍ ചേരാനില്ലെന്ന നിലപാട് എടുത്തു.  മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രി സ്ഥാനം നല്‍കാത്തതാണ് എന്‍സിപിയുടെ പ്രതിഷേധത്തിന് കാരണം. മുതിര്‍ന്ന നേതാവായ പ്രഫുല്‍ പട്ടേലിന് കാബിനറ്റ് പദവി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രഫുല്‍ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കുന്നതാണ് അവഗണിക്കാനുള്ള കാരണമെന്നാണ് അറിയുന്നത്.  എന്‍സിപി മഹാരാഷ്ട്ര അധ്യക്ഷനുമായ സുനില്‍ തത്കരയെയും കാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല.  ഇതോടെയാണ് അജിത് പവാര്‍ പക്ഷം കലാപ്പക്കൊടി ഉയര്‍ത്തിയത്.

അതേസമയം മൂന്നാം എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15നാണ് ആരംഭിക്കുക. രാഷ്ട്രപതിഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മോദിക്കൊപ്പം ബിജെപിയുടെ മുതിർന്ന മന്ത്രിമാരും ഘടകകക്ഷികളുടെ മന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയോടനുബന്ധിച്ച് കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം.