ഉന്നാവോ ലൈംഗിക പീഡനം : വാഹനാപകടത്തില്‍ പരിക്കേറ്റ ഇരയുടെ നിലയില്‍ മാറ്റമില്ല; അപകടത്തില്‍ ഗൂഡാലോചനയെന്ന് കുടുംബം

Jaihind News Bureau
Monday, July 29, 2019

വാഹനാപകടത്തിൽ പരിക്കേറ്റ ഉന്നാവോ ലൈംഗിക പീഡനക്കേസിലെ ഇരയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസമാണ് ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ പ്രതിയായ പീഡനക്കേസിലെ ഇര സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത്ത്. ഇരയുടെ അമ്മയും ബന്ധുവായ സ്ത്രീയും അപകടത്തിൽ മരിച്ചിരുന്നു. അതേസമയം അപകടത്തിൽ ഗൂഡാലോചനയുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് അപകടമുണ്ടായത്. റായ്ബറേലി ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദർശിക്കാൻ പോകും വഴിയാണ് പെൺകുട്ടിയും, അമ്മയും, അഭിഭാഷകനും,ബന്ധുവായ സ്ത്രീയും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിന്ന് പിന്നാലെ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. ഒപ്പണ്ടായിരുന്ന അഭിഭാഷകനും പരുക്കേറ്റ് ആശുപത്രിയിലാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.വാഹനം പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതായി ജില്ലാ പോലീസ് മേധാവി സുനിൽ കുമാർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെതിരായ ബലാത്സംഗ പരാതിയായിരുന്നു ഉന്നാവോ പീഡന കേസ്. നീതി ലഭിക്കാത്തതിനെ തുടർന്ന് ഇരയായ പെൺകുട്ടിയും അമ്മയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം വാർത്തകളിലൂടെ പുറത്ത് വന്നത്. തുടർന്ന് 2017ൽ എംഎൽഎ പെൺകുട്ടിയെ പീഡിപ്പിച്ചതായി തെളിയുകയും കുൽദീപ് ഒരു വർഷത്തോളം ജയിലിലാകുകയും ചെയ്തിരുന്നു.എന്നാൽ പിന്നീട് കള്ളക്കേസ് ചമച്ച് പെൺകുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്ത പോലീസും കുൽദീപിന്‍റെ സഹോദരനും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇപ്പോൾ നടന്ന വാഹനാപകടം കൃത്രിമമാണോ എന്ന സംശവും ഉയരുന്നുണ്ടുണ്ട്.