ഏക സിവില്‍ കോഡിനും (UCC) വഖഫ് ഭേദഗതി ബില്ലിനുമെതിരെ ഗുജറാത്തിലും ഹൈദരാബാദിലും ഇരുള്‍ സമരം നടത്തി. അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ബുധനാഴ്ച രാത്രി 9 മണി മുതല്‍ 9.15 വരെ ലൈറ്റുകള്‍ അണച്ചായിരുന്നു – ബ്ലാക്ക്ഔട്ട് – പ്രതിഷേധം. മുസ്ലീം ഹിത് രക്ഷക് സമിതി, സൗത്ത് ഗുജറാത്ത് മുസ്ലീം സമാജ് തുടങ്ങിയ വിവിധ മുസ്ലീം സംഘടനകളാണ് ഈ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ സമുദായാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചത്.
ഗുജറാത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെ ഓട്ടോറിക്ഷകളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണികളിലൂടെ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്ത് പ്രചാരണം നടത്തിയിരുന്നു. വിവിധ പള്ളികളിലെ മൗലവിമാരും നമസ്‌കാരത്തിന് ശേഷം സമാനമായ അഭ്യര്‍ത്ഥന നടത്തി. കൂടാതെ, നിരവധി പേര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ലൈറ്റണച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു. ഹൈദരാബാദില്‍ പ്രതിഷേധത്തിന്റെ ഭാഗമായി ചിലയിടങ്ങളില്‍ നമസ്‌കാരത്തിന്റെ സമയം മാറ്റി. രാത്രി 9 മണിക്ക് ശേഷവും പള്ളികളിലുണ്ടായിരുന്നവര്‍ ഇരുട്ടില്‍ നമസ്‌കാരം നടത്തി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. സൂറത്തിലെ റാന്‍ഡര്‍, സംപ ബസാര്‍, സലാബത്ത്പുര തുടങ്ങിയ സ്ഥലങ്ങളിലെ ഭക്ഷണശാലകളും പ്രതിഷേധത്തില്‍ പങ്കെടുത്തു.