രാജ്യത്ത് ബ്ലാക്ക് ഫംഗസ് പിടിമുറുക്കുന്നു ; 2109 മരണം ; മൂന്നാഴ്ചയ്ക്കിടെ 150% വര്‍ധന

Jaihind Webdesk
Friday, June 11, 2021


ന്യൂഡല്‍ഹി : രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനമാണ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 31,216 കേസുകളും 2109 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 7057 കേസുകളും 609 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് 5418 കേസുകള്‍ 323 മരണം, രാജസ്ഥാന്‍ 2976 കേസുകള്‍ 188 മരണം എന്നിങ്ങനെയാണ് കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍.

ഉത്തര്‍പ്രദേശില്‍ 1744 കേസുകളും 142 മരണവും ഡല്‍ഹിയില്‍ 1200 കേസുകളും 125 മരണവും റിപ്പോര്‍ട്ട് ചെയ്തു. ജാര്‍ഖണ്ഡിലാണ് ഏറ്റവും കുറവ്, 96 കേസുകള്‍. ബംഗാളിലാണ് ഏറ്റവും കുറവ് മരണം(23) സ്ഥിരീകരിച്ചിരിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചവരെ ചികിത്സിക്കാനുപയോഗിക്കുന്ന ആംഫോട്ടെറിസിന്‍-ബി എന്ന മരുന്നിന് നേരിടുന്ന ക്ഷാമവും കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്.  കൊവിഡ് ബാധ സ്ഥിരീകരിക്കുന്നവരിലാണ് ബ്ലാക്ക് ഫംഗസ് കേസുകളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.