ബ്ലാക്ക് ഫംഗസ് അതീവശ്രദ്ധ വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ; സംസ്ഥാനത്ത് 19 പേര്‍ ചികിത്സയില്‍

Jaihind Webdesk
Friday, May 21, 2021

 

തിരുവനന്തപുരം : ബ്ലാക്ക് ഫംഗസ് രോഗത്തെ അതീവശ്രദ്ധ വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്ത് രോഗം ബാധിച്ച് നിലവില്‍ 19 പേര്‍ ചികിത്സയിലാണ്. അതിനിടെ കോഴിക്കോട് ജില്ലയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ 3 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആറു മാസത്തിനിടെ 10 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ തേടിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ കൂടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 10 പേരാണ് ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം മൂന്ന് പേരാണ് ചികിത്സ തേടിയത്. ആറ് മാസത്തിനിടെ 14 കേസുകള്‍. കൊവിഡ് നെഗറ്റീവായവരിലും പോസിറ്റീവായി തുടരുന്നവരിലും ബ്ലാക്ക് ഫംഗസ് കാണുന്നുണ്ട്.

പ്രമേഹരോഗികളിലാണ് രോഗം ഗുരുതരമാകുന്നത്. ചികിത്സയിലിരിക്കുമ്പോൾ ബ്ലാക്ക് ഫംഗസിന്‍റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിക്കുന്നത്. ആറു മാസത്തിനിടെ ബ്ലാക്ക് ഫംഗസ് ബാധിച്ചു പൂര്‍ണമായും കാഴ്ചശക്തി നഷ്ടപ്പെട്ടു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് നാല് പേരെയാണ്. ബ്ലാക്ക് ഫംഗസ് ബാധ ഒഴിവാക്കുന്നതിനായി ഇവരുടെ ഓരോ കണ്ണുകള്‍ നീക്കം ചെയ്തു. പുതിയതായി രോഗബാധിതര്‍ ആയവരടക്കം 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.