ബ്ലാക്ക് ഫംഗസ് : മൂന്നു കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു

Jaihind Webdesk
Thursday, June 17, 2021

മുംബൈ : ബ്ലാക്ക് ഫംഗസ് ബാധിച്ച മൂന്നു കുട്ടികളുടെ ഒരോ കണ്ണു വീതം നീക്കം ചെയ്തു. നാല്, ആറ്, 14 പ്രായക്കാരായ കുട്ടികൾക്കാണ് കണ്ണുകൾ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലാണ് ശസ്ത്രക്രിയ നടന്നത്. നാലും ആറും വയസ്സുള്ള കുട്ടികൾ പ്രമേഹബാധിതരല്ലായിരുന്നു. 14 വയസ്സുള്ള കുട്ടി പ്രമേഹബാധിതയായിരുന്നു. 16 വയസ്സുള്ള ഒരു കുട്ടികൂടി ബ്ലാക്ക് ഫംഗസ് ബാധിച്ചു ചികിത്സയിലുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. കോവിഡ് മുക്തയായ ശേഷമാണ് ഈ കുട്ടി പ്രമേഹബാധിതയായത്. വയറിന്റെ ഒരു ഭാഗത്തായാണ് ബ്ലാക്ക് ഫംഗസ് അണുബാധ കണ്ടെത്തിയത്.

‘കൊവിഡിന്‍റെ രണ്ടാം തരംഗത്തിലാണ് 14കാരിക്കും 16കാരിക്കും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. ഇവർ രണ്ടു പേരും പ്രമേഹബാധിതരായിരുന്നു. 14 വയസ്സുകാരി ഞങ്ങളുടെ അടുത്ത് വന്ന് 48 മണിക്കൂറിനുള്ളിൽ ഒരു കണ്ണ് കറുത്തനിറമായി മാറി. മൂക്കിലേക്കും ഫംഗസ് വ്യാപിച്ചിരുന്നു. ആറ് ആഴ്ച ചികിത്സിച്ചു. എന്നാൽ നിർഭാഗ്യവശാൽ‌ അവൾക്ക് ഒരു കണ്ണു നഷ്ടമായി.’– കുട്ടിയെ ചികിത്സിച്ച മുംബൈ ഫോർടിസ് ആശുപത്രിയിലെ മുതിർന്ന ശിശുരോഗ വിദഗ്ധൻ ഡോ.ജെസൽ പറ‍ഞ്ഞു.

വയറ്റിൽ ഫംഗസ് ബാധയുമായെത്തിയ കുട്ടി ഒരു മാസം മുൻപ് വരെ ആരോഗ്യവതിയായിരുന്നെന്ന് ഡോ.ജെസൽ അഭിപ്രായപ്പെട്ടു. കൊവിഡ് മുക്തയായ അവൾക്ക് പെട്ടെന്നാണ് പ്രമേഹം ബാധിച്ചത്. കുടലുകളിൽ രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ ആൻജിയോഗ്രാഫിലാണ് വയറിനു സമീപത്തെ രക്തധമനികളിലേക്ക് അണുബാധയുണ്ടായിട്ടുണ്ടെന്നു കണ്ടെത്തിയതെന്നും ഡോക്ടർ പറഞ്ഞു.

നാലും ആറും വയസ്സുള്ള കുട്ടികൾ പ്രമേഹബാധിതർ ആയിരുന്നില്ല. എന്നാൽ ഫംഗസ് അവരുടെ കണ്ണുകളിലേക്ക് വ്യാപിച്ചതിനാൽ കണ്ണ് നീക്കം ചെയ്തില്ലായിരുന്നെങ്കിൽ അവരുടെ ജീവൻ ആപകടത്തിലാകുമായിരുന്നു. അതിൽ ഒരാൾ കഴി‍ഞ്ഞ ഡിസംബറിലും മറ്റേ ആൾ കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചതിനു ശേഷവുമാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതെന്നും ഡോക്ടർ വ്യക്തമാക്കി.