തിരുവനന്തപുരം : കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം ഫംഗസ് ബാധയ്ക്ക് ചികിത്സയുണ്ടെന്നും മാരകമാവില്ലെന്നും വിദഗ്ധര്‍ പറയുന്നു.
വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാല്‍ പൊതുവേ ഇത് മാരകമായ ഒന്നല്ല. കൊവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്.
നിലവില്‍ കേരളത്തില്‍ ‘മ്യൂക്കോമൈകോസിസ്’ അഥവാ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും.
കൊവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് വലിയതോതില്‍ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡല്‍ഹി എയിംസില്‍ മാത്രം 23 പേര്‍ക്ക് ഈ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ 20 പേരും കൊവിഡ് ബാധിതരാണെന്നും എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ ബ്ലാക് ഫംഗസ് ബാധിച്ച 400-500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഗുലേറിയ വ്യക്തമാക്കി.
കൊവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ‘മ്യൂക്കോമൈകോസിസ്’ (ബ്ലാക്ക് ഫംഗസ്) ഫംഗസ് ബാധക്കെതിരെ വിവിധ സംസ്ഥാനങ്ങൾ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പുലർത്തണമെന്ന് ഹരിയാന ഡോക്ടർമാർക്ക് നിർദേശം നൽകി. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, ഒഡീഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ അസുഖം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബ്ലാക്ക് ഫംഗസ് പുതിയ രോഗബാധയല്ല. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസാണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. മാസ്ക് ധരിക്കേണ്ടത് അനിവാര്യമാണ്. ചില സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രണ്ടാംഘട്ട ഫംഗസ് ബാധ ചിലപ്പോള്‍ തീവ്രതയുള്ളതും മാരകവുമായി മാറിയേക്കാം. അനിയന്ത്രിത രക്തസമ്മര്‍ദത്തോടൊപ്പം പ്രമേഹം ഉള്ളവരിലും കീമോതെറപ്പിക്ക് വിധേയരായവരിലുമായിരുന്നു കൊവിഡിന് മുമ്പ് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ കോൊവിഡ് വ്യാപനത്തോടെ ഈ ഫംഗസ് ബാധ സാധാരണമായിത്തീര്ന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. കണ്ണിനും മൂക്കിനും ചുറ്റും വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസംമുട്ടൽ, രക്തം ഛർദിക്കൽ, മാനസികാവസ്ഥയിൽ വ്യതിയാനം തുടങ്ങിയവയെല്ലാം ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്.
അനിയന്ത്രിത പ്രമേഹവും, കോവിഡ് ചികിത്സക്കായി കഴിക്കുന്ന സ്റ്റിറോയ്ഡുകൾ പ്രതിരോധ സംവിധാനത്തെ അമർച്ച ചെയ്യുന്നതും, ദീർഘകാല ഐസിയു വാസവുമെല്ലാം ഇതിലേക്ക് നയിക്കുന്നതായി ഐസിഎംആർ ചൂണ്ടിക്കാട്ടി. ബ്ലാക്ക് ഫംഗസ് ഇതുവരെ വലിയ രോഗവ്യാപനമായി മാറിയിട്ടില്ലെന്നും സ്ഥിതിഗതികൾ കേന്ദ്രം നിരീക്ഷിക്കുകയാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ പറഞ്ഞു. സ്വയം ചികിത്സയും സ്റ്റിറോയ്ഡിന്റെ അമിത ഉപയോഗവും നിയന്ത്രിക്കണം. പ്രമേഹം നിയന്ത്രിക്കുക എന്നതാണ് സുപ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലാക്ക് ഫംഗസ് സംസ്ഥാനത്ത് 2000 പേർക്ക് ബാധിച്ചിട്ടുണ്ടെന്നും ഇതിൽ 52 പേർ മരിച്ചതായും വെള്ളിയാഴ്ച മഹാരാഷ്ട്ര സർക്കാർ അറിയിച്ചിരുന്നു.