മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ ഇന്നും കരിങ്കൊടി; നികുതിക്കൊള്ളക്കെതിരെ പ്രതിഷേധം ശക്തം

Jaihind Webdesk
Tuesday, February 21, 2023

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ വീണ്ടും കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. അഞ്ചരക്കണ്ടിയിൽ വെച്ചായിരുന്നു പ്രതിഷേധം. കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി, കെഎസ്‌യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ്‌ ഹരികൃഷ്ണൻ പാളാട്, റിജിൻ രാജ്, അശ്വിൻ മതുക്കോത്ത് എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാർക്ക് നേരെ വാഹനം അപകടകരമായ രീതിയില്‍ ഓടിച്ചുകയറ്റി. തലനാരിഴയ്ക്കാണ് പ്രവർത്തകർ രക്ഷപ്പെട്ടത്.

മുഖ്യമന്ത്രി വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകും വഴിയാണ്പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായെത്തിയ മുഖ്യമന്ത്രിക്ക് നേരെ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്. ബജറ്റിലെ നികുതിക്കൊള്ളക്കെതിരെയാണ് പ്രതിഷേധം. അതേസമയം പ്രതിഷേധങ്ങളെ ഭയന്ന് യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവർത്തകരെ കരുതല്‍ തടങ്കലില്‍ ആക്കുന്നത് ഉള്‍പ്പെടെയുള്ള കിരാത നടപടികളാണ് സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതിനെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.