‘ബിജെപിയുടെ ക്രിസ്ത്യന്‍ ഭവന സന്ദർശനം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്; ക്രൈസ്തവരുടെ മനസിലുണ്ടാക്കിയ മുറിവുണക്കാനാവില്ല’: കെ.സി വേണുഗോപാല്‍ എംപി

 

ന്യൂഡൽഹി: പ്രതിപക്ഷ ഐക്യത്തിൻറെ കാര്യത്തിൽ യോജിക്കാൻ കഴിയുന്ന എല്ലാവരെയും ഒന്നിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ എംപി. ക്രൈസ്തവ വിഭാഗത്തിന്‍റെ ആശങ്ക പരിഹരിക്കാൻ കോൺഗ്രസ് ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സംസ്ഥാന നേതാക്കൾ ഇടപെടൽ നടത്തും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ട് തട്ടാൻ മാത്രമാണ് ബിജെപിയുടെ ശ്രമം. എല്ലാ മതവിഭാഗങ്ങളെയും ചേർത്തുനിർത്തുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു.

ക്രൈസ്തവരുടെ മനസിൽ ഉണ്ടാക്കിയ മുറിവ് ഉണക്കാൻ ബിജെപി നേതാക്കളുടെ ഭവന സന്ദർശനത്തിന് കഴിയില്ല. എല്ലാവരുമായി നല്ല ബന്ധമാണ് കോൺഗ്രസിനുള്ളത്. പിതാക്കന്മാരെ വെല്ലുവിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന രീതി കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചത് സംസ്ഥാന സർക്കാരിനെയും എംപിമാരെയും അറിയിക്കാത്തതിനെ കെ.സി വേണുഗോപാല്‍ എംപി വിമർശിച്ചു. വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചത് നല്ല കാര്യമാണ്. അക്കാര്യം സംസ്ഥാന സർക്കാരിനെയും കേരളത്തിലെ എംപിമാരെയും അറിയിക്കാമായിരുന്നു. കേരളത്തിലെ മുഴുവൻ എംപിമാരും റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് ആവശ്യം ഉന്നയിച്ചിരുന്ന കാര്യവും കെ.സി വേണു​ഗോപാൽ ഓർമ്മിപ്പിച്ചു. എല്ലാം ഉദ്ഘാടനം ചെയ്യുന്നത് നരേന്ദ്ര മോദിയാണെന്നും റെയിൽവെ മന്ത്രിക്ക് പോലും അവസരമില്ലെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

 

Comments (0)
Add Comment