ബി.ജെ.പിയുടെ ശബരിമല സമരം പരാജയപ്പെടുന്നു, തിരിഞ്ഞുനോക്കാതെ മുന്‍നിര നേതാക്കള്‍; ശ്രീധരന്‍ പിള്ളയുടെ നില പരുങ്ങലില്‍

ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നടത്തുന്ന സമരം പരാജയപ്പെടുന്നു. സമരത്തിന് പൊതുസമൂഹത്തിനടയിൽ യാതൊരു ചലനവും സ്വഷ്ടിക്കാൻ കഴിഞ്ഞില്ലന്നാണ് സംഘപരിവാറിന്‍റെ വിലയിരുത്തൽ. ഇതോടെ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻ പിള്ളയുടെ നില കൂടുതൽ പരുങ്ങലിലായി.

ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി സമരം ആരംഭിച്ചിട്ട് 42 ദിവസമായി. ഇപ്പോൾ പാർട്ടിയിലെ മുൻനിര നേതാക്കളിൽ നിന്നു പോലും സമരത്തിന് പിന്തുണ ലഭിക്കുന്നില്ല. ജനങ്ങളും സമരത്തെ കാര്യമായി എടുക്കുന്നില്ല. കഴിഞ്ഞ മാസം 3 നാണ് ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്. എ.എൻ രാധാകൃഷ്ണനായിരുന്നു നിരാഹാരം തുടങ്ങിയത്. ആരോഗ്യ സ്ഥിതി മോശമായതോടെ സി.കെ പദ്മനാഭനും തുടർന്ന് ശോഭാ സുരേന്ദ്രനും നിരാഹാരം അനുഷ്ഠിച്ചു. ഇതിന് പിന്നാലെ സമരത്തിന് മുൻനിര നേതാക്കളെ കിട്ടാതൊയി.

എൻ ശിവരാജൻ, പി.എം വേലായുധൻ എന്നിവരാണ് പിന്നീട് സമരം നയിച്ചത്. ഇപ്പോൾ വി.ടി രമയാണ് സമരം നടത്തുന്നത്. പി.കെ കൃഷ്ണദാസ്, എം.ടി രമേശ് എന്നീ നേതാക്കളെ സമീപിച്ചെങ്കിലും നിരാഹാരം കിടക്കാനില്ലെന്ന് ഇവർ അറിയിക്കുകയായിരുന്നു. മുരളീധര പക്ഷത്തുള്ളവരും സമരത്തോട് മുഖം തിരിച്ചു. ആളൊഴിഞ്ഞ കസേരകൾ മാത്രമാണ് ഇപ്പോൾ സമരപ്പന്തലിന് മുന്നിൽ ഉള്ളത്. ഇതോടെ ശ്രീധരൻ പിള്ള പാർട്ടിയിൽ ഒറ്റപ്പെട്ട അവസയിലായി.

അതേ സമയം സംഘപരിവാർ നിയന്ത്രണത്തിലുള്ള ശബരിമല കർമസമിതിയും പ്രഖ്യാപിച്ച സമരങ്ങളിൽ നിന്നും പിന്നോക്കം പോകുകയാണ്. നേരത്തെ പ്രഖ്യാപിച്ച രഥയാത്രയും സെക്രട്ടറിയേറ്റ് വളയലും വേണ്ടന്ന് വെച്ചു. പ്രവർത്തകരെ കിട്ടാത്തതാണ് ഇതിന് കാരണം. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കൾ റിമാൻഡിലായേതാടെ പ്രവർത്തകരെ സംഘടിപ്പിക്കാനും കഴിയുന്നില്ല. നിലവിലെ സാഹചര്യത്തിൽ ശബരിമല സമരം എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന ആശങ്കയിലാണ് ബി.ജെ.പി.

SabarimalaSecretariatbjp
Comments (0)
Add Comment