ഹരിയാനയില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സ്വതന്ത്ര എംഎൽഎമാർ  പിന്തുണ പിന്‍വലിച്ചു

Jaihind Webdesk
Tuesday, May 7, 2024

ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ ഹരിയാനയില്‍ ബിജെപിക്ക് തിരിച്ചടി.  സംസ്ഥാനത്തെ ബിജെപി സർക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എംഎൽഎമാർ  പിന്തുണ പിന്‍വലിച്ചു. 90 അംഗ നിയമസഭയിൽ സർക്കാരിന് ഇതോടെ അംഗസംഖ്യ 42 ആയി കുറഞ്ഞു.

അതേസമയം ബിജെപി സര്‍ക്കാരിന്‍റെ പിന്തുണ പിന്‍വലിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡയുടെയും കോണ്‍ഗ്രസ് അധ്യക്ഷൻ ഉദയ് ഭാന്‍റെയും നേതൃത്വത്തിലാണ് എംഎല്‍എമാർ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം 34 ആയി. സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ ഭൂരിപക്ഷം കുറഞ്ഞുവെന്നും ബിജെപി സർക്കാരിന് അധികാരത്തില്‍ തുടരാൻ അർഹതയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി സർക്കാരിനെതിരെ പിന്തുണച്ച പിന്‍വലിച്ച സ്വതന്ത്ര എംഎല്‍എമാരെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സര്‍ക്കാരിനെ ഹരിയാനയിലെ ജനം പാഠം പഠിപ്പിക്കുമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉദയ് ഭാൻ പറഞ്ഞു.