ബിജെപിയുടെ പ്രതികാര രാഷ്ട്രീയം; പ്ലീനറി സമ്മേളനം അലങ്കോലമാക്കാന്‍ ശ്രമം: ഛത്തീസ്ഗഢ് റെയ്ഡിനെ അപലപിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Monday, February 20, 2023

 

റായ്പൂർ: ഛത്തീസ്ഗഢിൽ കോൺഗ്രസ് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇഡി നടത്തിയ റെയ്ഡ് ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഭാഗമെന്ന് കോണ്‍ഗ്രസ്. പ്ലീനറി സമ്മേളനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടത്തിയ ഇഡി നടപടിയെ കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു. സമ്മേളനം അലങ്കോലപ്പെടുത്താനാണ് ശ്രമമെന്ന് നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്, മാധ്യമവിഭാഗം ചെയർമാന്‍ പവന്‍ ഖേര എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാനാണ് ശ്രമമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇഡിയെ ഉപയോഗിച്ച് കോൺഗ്രസിന്‍റെ ആത്മവീര്യം തകർക്കാനാണ് ബിജെപിയുടെ ശ്രമം. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, നിലവിലെ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെയെല്ലാം ഇഡിയെ ഉപയോഗിച്ച് ചോദ്യം ചെയ്തു. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഏറ്റവും വികൃതമായ രൂപമാണിതെന്ന് നേതാക്കള്‍ പ്രതികരിച്ചു. അദാനിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ എന്തുകൊണ്ട് തിടുക്കമുണ്ടായില്ലെന്ന് പവൻ ഖേര ചോദിച്ചു. ഭാരത് ജോഡോ യാത്രയുടെ അഭൂതപൂർവമായ വിജയത്തിൽ ബിജെപിക്ക് വിറളി പൂണ്ടിരിക്കുകയാണെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഛത്തീസ്ഗഢില്‍ കോൺഗ്രസ് എംഎൽഎ അടക്കമുള്ള പത്തോളം നേതാക്കളുടെ വീടുകളിലും ഓഫീസിലുമാണ് ഇന്ന് വെളുപ്പിന് 5 മണിയോടെ ഇഡി റെയ്ഡ് നടത്തിയത്. ഖനന ഇടപാടുമായി ബന്ധപ്പെട്ടാണെന്നായിരുന്നു വിശദീകരണം. റെയ്ഡിനെ അപലപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പ്ലീനറി സമ്മേളനം മുന്നില്‍ക്കണ്ടാണ് ഇഡി നടപടിയെന്നും വിമർശിച്ചു. ഫെബ്രുവരി 24 നാണ് കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം റായ്പൂരില്‍ ആരംഭിക്കുന്നത്.