അധികാരം പിടിച്ചതിന് പിന്നാലെ ബിജെപിയുടെ പ്രതികാര നടപടി; വട്ടിയൂർക്കാവ് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ആർ. ശ്രീലേഖ

Jaihind News Bureau
Sunday, December 28, 2025

തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ബിജെപി പ്രതികാര നടപടികൾ ആരംഭിച്ചതായി ആരോപണം. ഇതിന്റെ ആദ്യ ഇര വട്ടിയൂർക്കാവ് എംഎൽഎയും മുൻ മേയറുമായ വി.കെ. പ്രശാന്താണ്. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഉടനടി ഒഴിയണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ ആർ. ശ്രീലേഖ രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. ഫോണിലൂടെയാണ് ശ്രീലേഖ എംഎൽഎയോട് ഈ ആവശ്യം ഉന്നയിച്ചത്.

നിയമസഭാ കാലാവധി കഴിയുന്നത് വരെ ഓഫീസിൽ തുടരാൻ അനുവദിക്കണമെന്ന് പത്തുമാസം മുമ്പ് തന്നെ കോർപ്പറേഷന് കത്ത് നൽകിയിട്ടുണ്ടെന്ന് വി.കെ. പ്രശാന്ത് മറുപടി നൽകി. അടുത്ത മാർച്ച് വരെ ഓഫീസിന് കാലാവധിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എൽഡിഎഫ് ഭരണകാലത്ത് കൗൺസിൽ പ്രത്യേക വാടക നിശ്ചയിച്ച് അനുവദിച്ച കെട്ടിടമാണിത്. എന്നാൽ ബിജെപിക്ക് ഭൂരിപക്ഷമുള്ള പുതിയ കൗൺസിൽ കെട്ടിടം ഒഴിപ്പിക്കാൻ തീരുമാനമെടുത്താൽ എംഎൽഎയ്ക്ക് ഓഫീസ് മാറേണ്ടി വരുമെന്നതാണ് നിലവിലെ സാഹചര്യം.

അതേസമയം, എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട കാര്യത്തിൽ വാർഡ് കൗൺസിലർ ആർ. ശ്രീലേഖ തന്റെ നിലപാട് വ്യക്തമാക്കി. കോർപ്പറേഷൻ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവൻ എംഎൽഎ കയ്യടക്കി വെച്ചിരിക്കുകയാണെന്നും കൗൺസിലർക്ക് പ്രവർത്തിക്കാൻ അവിടെ ഇടമില്ലെന്നും ശ്രീലേഖ ആരോപിച്ചു. ഈ കെട്ടിടത്തിൽ കൗൺസിലർക്ക് ഓഫീസുണ്ടെന്നാണ് കോർപ്പറേഷൻ വാദം, എന്നാൽ അത് എവിടെയാണെന്ന് അധികൃതർ കാണിച്ചുതരണമെന്നും അവർ വെല്ലുവിളിച്ചു.

തന്റെ വാർഡിലുള്ള കെട്ടിടമായതിനാലാണ് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടതെന്നും ശ്രീലേഖ പ്രതികരിച്ചു. എംഎൽഎയും വാർഡ് കൗൺസിലറും തമ്മിലുള്ള ഈ തർക്കം വരും ദിവസങ്ങളിൽ കോർപ്പറേഷൻ കൗൺസിലിൽ വലിയ വാദപ്രതിവാദങ്ങൾക്ക് വഴിതുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ബിജെപിയും എൽഡിഎഫും തമ്മിലുള്ള ശക്തിപ്രകടനത്തിന്റെ വേദിയായി ഇതോടെ ശാസ്തമംഗലത്തെ കോർപ്പറേഷൻ ഓഫീസ് മാറിയിരിക്കുകയാണ്.