അയോധ്യക്ക് പിന്നാലെ ബദരീനാഥിലും ബിജെപിക്ക് വന്‍ തോല്‍വി, കേദാർനാഥില്‍ കാത്തിരിക്കുന്നതെന്ത്? ബിജെപിയുടെ മത-വർഗീയ പ്രചാരണത്തിന് തിരിച്ചടി; ‘ഇന്ത്യ’ക്കൊപ്പമെന്ന് വിധിയെഴുതി ജനം

Jaihind Webdesk
Sunday, July 14, 2024

 

ന്യൂഡല്‍ഹി: മതത്തെ കൂട്ടുപിടിച്ചുള്ള ബിജെപിയുടെ കുതന്ത്രത്തെ ഇന്ത്യന്‍ ജനത ചവറ്റുകുട്ടയിലെറിയുന്നു എന്ന് സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യ നഷ്ടമായ ബിജെപിക്ക് ബദരീനാഥ് നിയമസഭാ സീറ്റിലെ തോല്‍വി മറ്റൊരു കനത്ത പ്രഹരമായി. ഉത്തരാഖണ്ഡിലെ ബദരീനാഥ് സീറ്റില്‍ കോണ്‍ഗ്രസിനോടേറ്റ തോല്‍വി ഏറ്റവും വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് ജയത്തിനായി എന്തു ഹീനമായ തന്ത്രങ്ങളും പയറ്റുന്ന ബിജെപിക്ക് ഇന്ത്യയിലെ ജനം ശക്തമായ താക്കീതാണ് ജനവിധിയിലൂടെ നല്‍കുന്നത്.

മതവും വർഗീയതയും പറഞ്ഞ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് എന്നാല്‍ കാര്യങ്ങള്‍ തീർത്തും എളുപ്പമായില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി.  അഞ്ഞൂറിലേറെ സീറ്റുകള്‍ നേടുമെന്ന അവകാശവാദം മുഴക്കി തിരഞ്ഞെടുപ്പിനെ നേരിട്ട എന്‍ഡിഎ കേവലം 293 സീറ്റിലൊതുങ്ങി. കഴിഞ്ഞില്ല, ഉത്തർപ്രദേശിലെ ബിജെപിയുടെ അടിത്തറയും തകർത്തെറിയുന്നതായിരുന്നു ഇന്ത്യാ സഖ്യത്തിന്‍റെ മുന്നേറ്റം. രാമക്ഷേത്രത്തെ തുറുപ്പുചീട്ടാക്കാനുള്ള ബിജെപി ശ്രമത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അയോധ്യയിലേത്. അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. രാമക്ഷേത്ര പ്രതിഷ്ഠ നടന്നതിന് അഞ്ചു മാസങ്ങള്‍ക്കിപ്പുറം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് കനത്ത പരാജയം ബിജെപിക്ക് നേരിടേണ്ടി വന്നത്. ഇന്ത്യാ സഖ്യത്തിന്‍റെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാർത്ഥി ഇവിടെ ജയിച്ചത്   54,567 വോട്ടുകള്‍ക്ക്. കൂടാതെ, ബസ്തി പോലുള്ള സമീപ പ്രദേശങ്ങളിലും പ്രയാഗ്‌രാജ്, ചിത്രകൂട്, നാസിക്, രാമേശ്വരം തുടങ്ങിയിടങ്ങളിലും ബിജെപിക്ക് സീറ്റുകൾ നഷ്ടമായി. ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്കേറ്റത് കനത്ത പരാജയം.

അയോധ്യ കൈവിട്ടതിന്‍റെ ഞെട്ടല്‍ അവസാനിക്കും മുമ്പെയാണ് ബദരീനാഥിലേറ്റ തോല്‍വി. വിശ്വാസ, തീർത്ഥാടന പ്രാധാന്യമുള്ള ബദരീനാഥിലും മതത്തിന്‍റെ പരിവേഷം ചാർത്തിയായിരുന്നു ബിജെപിയുടെ നീക്കം. വലിയ പ്രതീക്ഷയോടെ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് പക്ഷെ കേദാർനാഥിലും കനത്ത പ്രഹരമേറ്റു. അടിസ്ഥാന പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണാനും തയാറാകാതെ മതവും വർഗീയതയും പറഞ്ഞുള്ള ബിജെപിയുടെ നീക്കത്തെ ജനം തിരിച്ചറിഞ്ഞു. പ്രാദേശിക വികാരം പരിഗണിക്കാതെ ബദരീനാഥില്‍ കേന്ദ്രം നടത്തിയ ഇടപെടലും തിരിച്ചടിയായി. ഏതാനും മാസങ്ങൾക്ക് മുമ്പ്, ബദരീനാഥിൽ പാണ്ഡ സമുദായം ഉൾപ്പെടെയുള്ള പുരോഹിതന്മാരിൽ നിന്നും പ്രദേശവാസികളിൽ നിന്നും കാര്യമായ പ്രതിഷേധം ഉയർന്നിരുന്നു. വിഐപി ദർശനത്തിനായി നടപ്പിലാക്കിയ പരിഷ്കാരം സാധാരണ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു.  എന്നാല്‍ ഇത് കേള്‍ക്കാന്‍ ബിജെപി സർക്കാർ തയാറായില്ല. ബദരീനാഥിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് പിന്നാലെ  ഏറ്റവും കടുത്ത വെള്ളപ്പൊക്കഭീഷണിയാണ് നിലനില്‍ക്കുന്നത്. മഴ പെയ്താല്‍ അളകനന്ദ നദി കര കവിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍. ബദരീനാഥ് ക്ഷേത്രവുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങളില്‍ പുരോഹിതസമൂഹവും അതൃപ്തിയിലാണ്. വിവിധ വിഷയങ്ങളില്‍ ജനവികാരം മാനിക്കാതെ ഏകാധിപത്യമനോഭാവത്തോടെ മുന്നോട്ടുപോയ ബിജെപിക്ക് വിധിയെഴുത്തിലൂടെ ബദരീനാഥും മറുപടി നല്‍കി. ബദരീനാഥിൽ കോൺഗ്രസിന്‍റെ സിറ്റിംഗ് എംഎൽഎയായിരുന്ന രാജേന്ദ്ര ഭണ്ഡാരി രാജിവെച്ചു ബിജെപിയിൽ ചേർന്നതോടെയാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. ഇവിടെ കോൺഗ്രസിന്‍റെ പുതുമുഖം ലഖാപത് ബുട്ടോല 5224 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ഭണ്ഡാരിയെ തോൽപിച്ചത്.

കേദാർനാഥിലാണ് ബിജെപി ഇനി നേരിടാന്‍ പോകുന്ന അഗ്നിപരീക്ഷ . ബിജെപി എംഎൽഎ ഷീലാ റാണിയുടെ മരണത്തെ തുടർന്ന് ഇവിടെ ഉപതിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. അയോധ്യ, ബദരീനാഥ് തുടങ്ങിയ സ്ഥലങ്ങളിലെ തിരിച്ചടിയില്‍ കടുത്ത ആശങ്കയിലാണ് ബിജെപി നേതൃത്വം. പ്രദേശവാസികൾക്കിടയിലെ അതൃപ്തി പാർട്ടിയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കേദാർനാഥിലും കാര്യമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഡൽഹിയിലെ പ്രതീകാത്മക കേദാർനാഥ് ക്ഷേത്രത്തിന്‍റെ ഭൂമി പൂജ ചടങ്ങ് നടത്തിയത് ഉത്തരാഖണ്ഡിലെ സന്യാസിമാരെയും നാട്ടുകാരെയും രോഷാകുലരാക്കി. ഈ പുണ്യസ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഡൽഹിയിൽ നിന്ന് നിയന്ത്രിക്കുന്നത് സനാതന ധർമ്മത്തിനും സാംസ്കാരിക പൈതൃകത്തിനും അപമാനകരമാണെന്ന് കേദാർനാഥിലെ ജനങ്ങളും പുരോഹിതന്മാരും ചൂണ്ടിക്കാട്ടുന്നു. ഇവിടെയും ബിജെപിയുടെ നില പരുങ്ങലിലാണെന്നാണ് സൂചന.

അതേസമയം ജനങ്ങള്‍ എന്‍ഡിഎയോട് വിമുഖത കാട്ടുന്നതിനൊപ്പം ഇന്ത്യാ സഖ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നും സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ ശക്തമായ മുന്നേറ്റവും പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലെ മിന്നും വിജയവും ഇന്ത്യാ സഖ്യത്തിന് ആത്മവിശ്വാസം പകരുന്നു. 7 സംസ്ഥാനങ്ങളിലെ 13 സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ പത്തെണ്ണവും നേടിയ ഇന്ത്യാസഖ്യം, ദേശീയതലത്തിൽ ബിജെപിയുടെ ശക്തി ക്ഷയിക്കുന്നതിന്‍റെ സൂചനയായാണ് വിലയിരുത്തുന്നത്. ജനങ്ങളുടെ ശബ്ദമായി നിലകൊണ്ട് വരും തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനത്തിലാണ് ഇന്ത്യാ മുന്നണി.