പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കൊല്‍ക്കത്തയില്‍ റാലി : ബി.ജെ.പി നേതാക്കളെ അകത്താക്കി മമതയുടെ പൊലീസ്

Jaihind News Bureau
Friday, February 7, 2020

കൊല്‍ക്കത്ത : അനുവാദമില്ലാതെ റാലി നടത്താന്‍ ശ്രമിച്ചതിന് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് റാലി സംഘടിപ്പിക്കാൻ ശ്രമിച്ച ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ദക്ഷിണ കൊൽക്കത്തയിലെ ടോളിഗഞ്ചില്‍ റാലി നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയയെയും മുകുള്‍ റോയും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അനുവാദമില്ലാതെയാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള റാലി നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ടോളിഗഞ്ചില്‍ നിന്ന് കൈലാഷ് വിജയ് വർഗീയയുടെ നേതൃത്വത്തിൽ റാലി ആരംഭിക്കാനിരിക്കെ അവിടെയെത്തിയ പോലീസ് വിജയ് വർഗീയയെയും മറ്റ് ബി.ജെ.പി നേതാക്കളെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ബി.ജെ.പിക്കെതിരെ ശക്തമായി രംഗത്തുള്ള മുഖ്യമന്ത്രി മമതാ ബാനർജി ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നിലപാടിലാണുള്ളത്. ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മോദി സർക്കാരിന്‍റെ ലക്ഷ്യമെന്നും ഇതിനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും മമതാ ബാനർജി പറഞ്ഞു.