ജമ്മു-കശ്മീരില്‍ ബിജെപിയുടെ അവകാശവാദങ്ങള്‍ തെറ്റ്, ജനം സാധാരണ നിലയിലാകാന്‍ ആഗ്രഹിക്കുന്നു; സുപ്രീം കോടതി നിശ്ചയിച്ച സമയപരിധി പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Monday, August 5, 2024

 

ന്യൂഡല്‍ഹി: സുപ്രീം കോടതി നിശ്ചയിച്ച സമയപരിധി അനുസരിച്ച് ജമ്മു-കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോൺഗ്രസ്. ബിജെപിയുടെ നയം ജമ്മു-കശ്മീരിലെ ജനങ്ങളുടെ പൊതുവികാരത്തെ മാനിക്കാത്തതും ജനാധിപത്യം ഉയർത്തിപ്പിടിക്കാത്തതുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ കുറ്റപ്പെടുത്തി. മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം 683 ഭീകരാക്രമണങ്ങളാണ് ജമ്മു-കശ്മീരില്‍ നടന്നത്. 258 സുരക്ഷാ ഉദ്യോഗസ്ഥർക്കും 170 പ്രദേശവാസികള്‍ക്കും ജീവന്‍ നഷ്ടമായി. മോദി സർക്കാരിന്‍റെ അവകാശവാദങ്ങളില്‍ നിന്ന് തികച്ചും  വ്യത്യസ്തമാണ് യാഥാർത്ഥ്യം. ജമ്മു-കശ്മീരിലെ ജനങ്ങള്‍ സാധാരണ നിലയിലാകാന്‍ ആഗ്രഹിക്കുന്നുവെന്നും ഇക്കാര്യം ഭാരത് ജോഡോ യാത്രയ്ക്കിടെ അവർ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നതായും ഖാർഗെ പറഞ്ഞു.

ജമ്മു-കശ്മീരിനെ സമ്പൂർണ്ണമായി സംയോജിപ്പിക്കാനും മേഖലയുടെ സാമ്പത്തിക വികസനം വർധിപ്പിക്കാനും തീവ്രവാദവും വിഘടനവാദവും തടയാനും നീക്കം സഹായിക്കുമെന്നായിരുന്നു മോദി സർക്കാരിന്‍റെ അവകാശവാദം. എന്നാല്‍ യാഥാർത്ഥ്യം തികച്ചും വ്യത്യസ്തമാണെന്ന് ഖാർഗെ കണക്കുകള്‍ നിരത്തി വ്യക്തമാക്കി. 2019 മുതൽ, 683 മാരകമായ ഭീകരാക്രമണങ്ങൾ ഉണ്ടായി. അതിന്‍റെ ഫലമായി 258 സുരക്ഷാ ഉദ്യോഗസ്ഥർക്കും 170 പ്രദേശവാസികള്‍ക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. പ്രധാനമന്ത്രിയായി മോദിയുടെ മൂന്നാം സത്യപ്രതിജ്ഞയ്ക്ക് ശേഷം മാത്രം ജമ്മു മേഖലയിൽ 25 ഭീകരാക്രമണങ്ങൾ നടന്നു. 15 സൈനികരുടെ ജീവൻ അപഹരിക്കുകയും 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പതിവായിരിക്കുകയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

സർക്കാർ വകുപ്പുകളുടെ 65% തസ്തികകളും 2019 മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. തൊഴിലില്ലായ്മ നിരക്ക് 10% ആണ്.  യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 18.3% ആണ്. 2021-ൽ പുതിയ വ്യാവസായിക നയം നിലവിൽ വന്നിട്ടും വെറും 3% നിക്ഷേപങ്ങൾ മാത്രമാണ് കശ്മീരില്‍ യാഥാർത്ഥ്യമായത്. 2015-ലെ പ്രധാനമന്ത്രിയുടെ വികസന പാക്കേജിന് കീഴിലുള്ള 40% പദ്ധതികളും തീർപ്പാക്കാതെ കിടക്കുകയാണ്. ജമ്മു-കശ്മീരിന്‍റെ ആഭ്യന്തര ഉൽപ്പാദന വളർച്ചാ നിരക്ക് 2019 ന് ശേഷം 8.73% ആയി ഇടിഞ്ഞു.

ജമ്മു കാശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾ സാധാരണ നിലയിലാകാൻ കൊതിക്കുന്നു. ഭാരത് ജോഡോ യാത്രയിൽ അവർ രാഹുൽ ഗാന്ധിയോട് ഈ വികാരം അറിയിച്ചു. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധി അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് മല്ലികാർജുന്‍ ഖാർഗെ ആവശ്യപ്പെട്ടു. അതിലൂടെ ജനങ്ങൾക്ക് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാനും ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പാക്കാനും കഴിയും. സെപ്തംബർ 30-നകം ജമ്മു-കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കഴിഞ്ഞ ഡിസംബറിൽ സുപ്രീം കോടതി തിരഞ്ഞെടുപ്പ് സമിതിയോട് നിർദ്ദേശിച്ചിരുന്നു. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു-കശ്മീരിലെ ജനങ്ങൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കുന്നതായി ഖാർഗെ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്‍റെയും ജമ്മു-കശ്മീർ സംസ്ഥാനത്തെ ജമ്മു-കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിന്‍റെ അഞ്ചാം വാർഷികത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പരാമർശം.