ഇവിഎമ്മില്‍ ബിജെപിയുടെ താമര ചിഹ്നം വലുത്, യുഡിഎഫിന്‍റെ കോണി ചിഹ്നം ചെറുത് ; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

Jaihind News Bureau
Saturday, March 27, 2021

 

കാസറഗോഡ് :  ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ബിജെപിയുടെ ചിഹ്നമായ താമരയ്ക്ക് വലിപ്പം കൂടുതല്‍. കാസറഗോഡാണ് മറ്റ് പാർട്ടികളുടെ ചിഹ്നത്തേക്കാള്‍ വലിപ്പത്തില്‍ ബിജെപി ചിഹ്നം ശ്രദ്ധയില്‍പ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

കാസറഗോഡ് ഗവണ്‍മെന്‍റ് കോളേജില്‍ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ വിളിച്ച് ഇ.വി.എം വോട്ടിംഗ് മെഷീന്‍ പരിശോധിച്ചപ്പോള്‍ തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് യു.ഡി.എഫ് പ്രതിനിധികള്‍ പ്രതിഷേധിച്ചിരുന്നു. വിവരമറിഞ്ഞ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് പ്രചാരണം നിര്‍ത്തിവെച്ച് കോളേജിലെത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം ആയില്ല.

കോണി ചിഹ്നം പൊതുവെ ചെറുതായാണ് വോട്ടിംഗ് യന്ത്രത്തില്‍ കാണപ്പെടുന്നതിനാല്‍  കുറച്ചു കൂടി വ്യക്തതയ്ക്ക് വേണ്ടി ഷാഡോ കൊടുക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ലെന്നും യു.ഡി.എഫ് പറയുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമായ ടോര്‍ച്ച് ഒറ്റനോട്ടത്തില്‍ ഏണിയുടേതിന് സാമ്യമുള്ള രീതിയിലാണുള്ളതെന്നും പരാതിയുണ്ട്.