ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇഡി നോട്ടീസ് മോദി സര്‍ക്കാരിന്‍റെ കുതന്ത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കേന്ദ്ര സര്‍ക്കാരിനെതിരായ ശക്തമായ ജനവികാരത്തെ വഴിതിരിച്ചുവിടാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ് പുതിയ നീക്കമെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
കെ.സി വേണുഗോപാല്‍ എംപിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:
വിലക്കയറ്റവും തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം കേന്ദ്രസർക്കാരിനെതിരെയുള്ള ജനവികാരം വഴിതിരിച്ചു വിടാനുള്ള കുതന്ത്രമാണ് കോൺഗ്രസ് അധ്യക്ഷ ശ്രീമതി സോണിയാ ഗാന്ധിക്കും, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും എതിരേയുള്ള ഇ.ഡി. നോട്ടീസ്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട പാരമ്പര്യമുള്ള നാഷണൽ ഹെറാൾഡ് ദിനപത്രം, സ്വാതന്ത്ര്യ സമരത്തിൽ നിന്ന് മുഖം തിരിച്ച നടന്ന സംഘപരിവാർ പിന്മുറക്കാർക്കു ഇന്നും രാഷ്ട്രീയ വൈര്യം തീർക്കാനുള്ള അവസരമായിരിക്കുന്നുവെന്നതിൽ അദ്ഭുദമില്ല. 2015 ൽ ഇ ഡി തന്നെ അവസാനിപ്പിച്ച നാഷണൽ ഹെറാൾഡ് കേസ് യാതൊരു തുമ്പുമില്ലാതെ വീണ്ടും രാഷ്ട്രീയ ആയുധമാക്കി മാറ്റി കോൺഗ്രസ് നേതൃത്വത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢശ്രമം അമ്പേ പരാജയപ്പെടും. നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചു നടത്തപ്പെട്ട നാഷണൽ ഹെറാൾഡ് സ്ഥാപനത്തെ, തീർത്തും അവാസ്തവമായ കള്ളപ്പണക്കേസ് ആരോപിച്ചു കോൺഗ്രസ് നേതൃത്വത്തെ കരി വാരിതേക്കാനുള്ള ശ്രമം ഇതുവരെയുള്ള രാഷ്ട്രീയ പകപോക്കലുകളും പരാജയപ്പെട്ടതിലുള്ള അമർഷമാണ് വ്യക്തമാക്കുന്നത്. രാജ്യത്തിൻറെ ശബ്ദമായിരുന്നു നാഷണൽ ഹെറാൾഡിനെ നിശബ്ദമാക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം ശ്രമിച്ചു പരാജയപ്പെട്ടത് പോലെ, ബിജെപിയുടെ അഹന്ത, നിയമ വ്യവസ്ഥക്കും, കോൺഗ്രസിന്‍റെ മുട്ടുമടക്കാത്ത പോരാട്ടത്തിന് മുന്നിലും പരാജയമടയും.