‘ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലണമെന്ന് പറഞ്ഞ ബിജെപിയുടെ ഇപ്പോഴത്തെ ക്രൈസ്തവ സ്‌നേഹം ഇരട്ടത്താപ്പ്; തെരഞ്ഞെടുപ്പ് കാലത്തെ കബളിപ്പിക്കല്‍ തന്ത്രം’: പ്രതിപക്ഷ നേതാവ്

 

കോഴിക്കോട്: ബിജെപിയുടെ ഇപ്പോഴത്തെ ക്രൈസ്തവ സ്നേഹം ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജ്യത്താകമാനം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നത് സംഘപരിവാര്‍ സംഘടനകളാണ്. സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ക്രൈസ്തവ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ വീട്ടിലേക്ക് വന്നാല്‍ അവരെ ഓടിച്ചിട്ട് തല്ലണമെന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ ഒരു ബിജെപി മന്ത്രി പറഞ്ഞത്. മന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഇത്തരം വിദ്വേഷവും വെറുപ്പുമാണ് പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ ബിജെപി നേതാക്കള്‍ നടത്തുന്ന ബിഷപ്പ് ഹൗസ്‌ സന്ദര്‍ശനം തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന കബളിപ്പിക്കല്‍ തന്ത്രങ്ങളാണ്. കേരളത്തിലെ ക്രൈസ്തവര്‍ ഇതില്‍ വീഴില്ല. ഹിന്ദുത്വ പ്രചരണം നടത്തിയിട്ടും കേരളത്തിലെ 90 ശതമാനം ഹിന്ദുക്കളും ബിജെപിക്ക് എതിരാണ്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന പ്രചരണം എന്നതിനപ്പുറം ഇതില്‍ ഒന്നുമില്ലെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് പറഞ്ഞു.

 

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

 

രാജ്യത്താകമാനം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നത് സംഘപരിവാര്‍ സംഘടനകളാണ്. മൂന്ന് വര്‍ഷത്തിനിടെ അറുനൂറിലേറെ ദേവാലായങ്ങളാണ് ആക്രമിക്കപ്പെട്ടത്. നൂറു കണക്കിന് ദേവാലയങ്ങളിലെ ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ബി.ജെ.പി ക്രൈസ്തവരോട് ഇപ്പോള്‍ കാട്ടുന്ന സ്‌നേഹം ഇരട്ടത്താപ്പാണ്. സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.സി.ഐയുടെ പിന്തുണയോടെ നിരവധി ക്രൈസ്തവ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ക്രൈസ്തവര്‍ വീട്ടിലേക്ക് വന്നാല്‍ അവരെ ഓടിച്ചിട്ട് തല്ലണമെന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ ഒരു ബി.ജെ.പി മന്ത്രി പറഞ്ഞത്. ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലണമെന്ന് പറയുന്ന വിദ്വേഷവും വെറുപ്പും മന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളാണ് പ്രചരിപ്പിക്കുന്നത്. ഇതുതന്നെയാണ് സംഘപരിവാറിന്റെ വിവിധ സംഘടനകള്‍ രാജ്യത്ത് പ്രചരിപ്പിക്കുന്നതും. ലോകാരാധ്യയായ മദര്‍ തെരേസയ്ക്ക് നല്‍കിയ ഭാരതരത്‌ന വരെ തിരിച്ചെടുക്കണമെന്ന് പറഞ്ഞ ബി.ജെ.പി നേതാക്കളുണ്ട്. കേരളത്തിലെ തന്നെ എത്രയോ ബി.ജെ.പി നേതാക്കള്‍ ക്രൈസ്തവര്‍ക്കെതിരെ പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന ഇത്തരം കബളിപ്പിക്കല്‍ തന്ത്രങ്ങളില്‍ കേരളത്തിലെ ക്രൈസ്തവര്‍ വീഴില്ല. ഹിന്ദുത്വ പ്രചരണം നടത്തിയിട്ടും കേരളത്തിലെ 90 ശതമാനം ഹിന്ദുക്കളും ബി.ജെ.പിക്ക് എതിരാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന പ്രചരണം എന്നതിനപ്പുറം ഇതില്‍ ഒന്നുമില്ല.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിതത്വമുണ്ട്. രാജ്യം ഭരിക്കുന്നവര്‍ക്ക് അവരെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. അധികാരത്തില്‍ ഇരിക്കുന്നവരെ വെറുപ്പിക്കണമെന്ന് ആരും ആഗ്രഹിക്കില്ല. വിവിധ സംഘടനകള്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് പരിശോധിച്ചാല്‍ രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് ആശങ്കയുണ്ടോയെന്ന് വ്യക്തമാകും. കത്തോലിക്കാ പുരോഹിതരും പാസ്റ്റര്‍മാരും ഉള്‍പ്പെടെ നിരവധി പേര്‍ ഇപ്പോഴും ജയിലിലാണ്. ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ പോലും സാധിക്കാത്ത സ്റ്റാന്‍സാമിക്ക് ജയിലില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ക്രിസ്മസ് ആരാധനയ്‌ക്കെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെട്ടു. കേരളത്തിനോട് തൊട്ടടുത്ത് കിടക്കുന്ന കര്‍ണാടകയില്‍ പോലും ക്രൈസ്തവ സംഘടനകള്‍ വേട്ടയാടപ്പെടുകയാണ്. ഇതൊക്കെയാണ് ഇന്ത്യയിലെ യാഥാര്‍ത്ഥ്യം.

ബി.ജെ.പിക്ക് അനുകൂലമായ പ്രസ്താവനകള്‍ സഭാ നേതൃത്വങ്ങളുടെ ഭാഗത്ത് നിന്നുണ്ടായെന്ന് പറയുന്നില്ല. നേരത്തെ റബര്‍ കര്‍ഷകരുമായി ബന്ധപ്പെട്ട് വൈകാരികമായ പ്രതികരണമാണ് ബിഷപ്പ് പാംപ്ലാനിയുടെ ഭാഗത്ത് നിന്നുണ്ടായത്. റബര്‍ കര്‍ഷകരുടെ ദുരിതത്തിന് കാരണം ബി.ജെ.പി സര്‍ക്കാരാണ്. ടയര്‍ നിര്‍മ്മാതാക്കളെ സഹായിക്കാന്‍ റബര്‍ കോമ്പൗണ്ടിന്റെ ഇറക്കുമതി ചുങ്കം പത്ത് ശതമാനമായി കുറച്ചതിനാലാണ് സ്വാഭാവിക റബറിന്റെ വില കുറഞ്ഞത്. 500 കോടിയുടെ വില സ്ഥിരാതാ ഫണ്ട് സംസ്ഥാന സര്‍ക്കാരും ചെലവഴിച്ചില്ല.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധി ബിഷപ്പ് ഹൗസ് സന്ദര്‍ശനത്തിന് എത്തിയാല്‍ അത് പറ്റില്ലെന്നു പറയാന്‍ സാധിക്കില്ല. അരക്ഷിതത്വം കൂടിയുള്ളത് കൊണ്ടാണ് അവരെ സ്വീകരിക്കുന്നത്. രാജ്യത്ത് ഇതുവരെ ചെയ്ത കാര്യങ്ങളൊക്കെ മറച്ചുവച്ചുകൊണ്ടുള്ള സമീപനമാണ് ബി.ജെ.പി ഇപ്പോള്‍ സ്വീകരിക്കുന്നത്. ഒരു സംസ്ഥാനങ്ങളിലും ഒരു സംഘപരിവാര്‍ സംഘടനയും ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കാന്‍ വി. മുരളീധരനോ കെ. സുരേന്ദ്രനോ കൃഷ്ണദാസിനോ സാധിക്കില്ല. സംഘപരിവാര്‍ സംഘടനകള്‍ ക്രിസ്മസ് ആരാധനയെ തടസപ്പെടുത്തില്ലെന്നും ദേവാലയങ്ങള്‍ ആക്രമിക്കില്ലെന്നുമുള്ള നിലപാട് ബി.ജെ.പിയോ മോദിയോ സ്വീകരിച്ചാല്‍ അതിനെ സ്വാഗതം ചെയ്യും. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധികള്‍ വരേണ്ടെന്ന് പറയാവുന്ന സാഹചര്യമല്ല രാജ്യത്ത് നിലനില്‍ക്കുന്നത്.

Comments (0)
Add Comment