എന്ത് വിലകൊടുത്തും അധികാരം നിലനിര്‍ത്തുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം; രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് കോണ്‍ഗ്രസ് പോരാടും: സോണിയാ ഗാന്ധി

Jaihind Webdesk
Tuesday, May 7, 2024

എന്ത് വിലകൊടുത്തും അധികാരം നിലനിര്‍ത്തുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സോണിയാ ഗാന്ധി. എല്ലാവരുടെയും പുരോഗതിക്കും ദരിദ്രര്‍ക്കുള്ള നീതിക്കും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി എക്കാലവും പോരാടിയത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും പ്രതിജ്ഞാബദ്ധമാണ്.

രാജ്യത്തിന്‍റെ ഓരോ കോണിലും യുവാക്കള്‍ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുന്നു, സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നു, ദളിതരും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഭയാനകമായ വിവേചനം നേരിടുന്നുവെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ഭരണഘടനയും ജനാധിപത്യവും ഭീഷണിയിലാകുന്നതും പാവപ്പെട്ടവര്‍ പിന്തള്ളപ്പെടുന്നതും എന്നില്‍ വേദന നിറക്കുന്നതാണെന്ന് സോണിയാ ഗാന്ധി പ്രതികരിച്ചു. കോണ്‍ഗ്രസിന്‍റെ ‘ന്യായ് പത്ര’യും ഗ്യാരന്‍റികളും നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കുകയും ഇന്ത്യയിലെ ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും പ്രതിജ്ഞാബദ്ധരാണെന്ന് സോണിയാ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.