ഡല്‍ഹിയിലെ പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ക്ഷണക്കത്ത് ബിജെപി വിതരണം ചെയ്‌തെങ്കിലും പുതിയ മുഖ്യമന്ത്രി ആരെന്ന് ഇനിയും അറിവായിട്ടില്ല. ബിജെപി ഡല്‍ഹി യൂണിറ്റ് ഓഫീസില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് അവസാന വിവരം. ഡല്‍ഹിയില്‍ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ കക്ഷി നേതാവിനെ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍, അവര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയെ അദ്ദേഹത്തിന്റെ വസതിയില്‍ കണ്ട് അധികാരത്തില്‍ അവകാശവാദം ഉന്നയിക്കും.
ഫലം അറിവായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷവും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപിയ്ക്ക് കഴിയാതെ പോയത് അവരുടെ സംഘടനാശേഷിയുടെ പരിമിതികളാണ് വെളിപ്പെടുത്തിരിക്കുന്നത്. ഈ അനിശ്ചിതാവസ്ഥ ഇന്ന് അവസാനിപ്പിച്ചേ മതിയാവൂ എന്ന അടിയന്തര സാഹചര്യത്തിലാണ് ബിജെപി ഇപ്പോള്‍ ചെന്നു പെട്ടിരിക്കുന്നത് . നിയമസഭാ കക്ഷിയോഗത്തില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനമായാല്‍ മന്ത്രിസഭയിലെ ആദ്യ അംഗങ്ങളേയും തീരുമാനിക്കും.
രാംലീല മൈതാനത്ത് അയോധ്യ രാമ മന്ദിറിലെ സമര്‍പ്പണ ചടങ്ങിനെ അനുസ്മരിപ്പിക്കുന്നതായിരിക്കുമെന്നാണ് അറിയുന്നത്. പ്രമുഖ ഹിന്ദു സന്യാസിമാരും പ്രാദേശിക സമൂഹങ്ങളില്‍ നിന്നുള്ള അംഗങ്ങളും ഉള്‍പ്പെടെ 25,000 മുതല്‍ 30,000 വരെ ആളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരെ കൂടാതെ, ജനപ്രിയ ബിജെപി എംപിമാരും എന്‍ഡിഎയിലെ ഉന്നത നേതാക്കളും നാളെ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പര്‍വേഷ് സാഹിബ് സിംഗ്, വിജേന്ദര്‍ ഗുപ്ത, രേഖ ഗുപ്ത, ആശിഷ് സൂദ്, സതീഷ് ഉപാധ്യായ, ശിഖ റോയ് തുടങ്ങിയ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് സാധ്യതയുള്ളവരായി കണക്കാക്കപ്പെടുന്നു.