BJP ATTACK| ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ കൈയേറ്റം ; ക്യാമറകള്‍ തകര്‍ത്തു

Jaihind News Bureau
Saturday, September 20, 2025

തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. തിരുമലയിലെ ബിജെപി കൗണ്‍സിലര്‍ കെ. അനില്‍കുമാറിനെയാണ് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു അനില്‍കുമാര്‍. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയില്‍ പാര്‍ട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒറ്റപ്പെട്ടുപോയെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഈ വിവരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ബിജെപി പ്രവര്‍ത്തകര്‍ അക്രമാസക്തരായത്.

മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ നശിപ്പിക്കുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. വനിതാ മാധ്യമപ്രവര്‍ത്തകരെയും മര്‍ദിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള കൗണ്‍സിലറുടെ ഓഫീസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ സ്റ്റെപ്പുകളിലൂടെ താഴേക്ക് തള്ളിയിറക്കി. ഈ ആക്രമണത്തില്‍ ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ക്യാമറയടക്കമുള്ള ഉപകരണങ്ങള്‍ക്ക് കേടുപാടു പറ്റി .

ബിജെപി നേതാവും കൗണ്‍സിലറുമായ വി.വി. രാജേഷിന്റെ സാന്നിധ്യത്തിലായിരുന്നു നൂറോളം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ന്യൂസ് 18 കേരളം, മാതൃഭൂമി, റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് ചാനലുകളിലെ ക്യാമറാമാന്മാരെയും ന്യൂസ് മലയാളം, മാതൃഭൂമി തുടങ്ങിയ ന്യൂസ് ചാനലുകളിലെ വനിതാ മാധ്യമപ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്തു. ബിജെപി നേതൃത്വത്തിനെതിരെ അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് ഇടപെട്ടു.