‘കുഴല്‍പ്പണത്തില്‍’ തമ്മിലടി ; തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

തൃശൂർ : കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി തൃശൂർ വാടാനപ്പിള്ളിയിൽ
ബിജെപി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. തൃത്തല്ലൂരിലെ വാക്സിൻ വിതരണ കേന്ദ്രത്തിലുണ്ടായ സംഘർഷത്തിൽ ഒരു ബിജെപി പ്രവർത്തകന് കുത്തേറ്റു. അതിനിടെ കുഴൽപ്പണ കേസിൽ ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ നാളെ ചോദ്യം ചെയ്യും.

കുഴൽപ്പണ കേസിൽ തൃശൂർ ജില്ലയിലെ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന രീതിയിൽ വന്ന ഫേസ് ബുക്ക് പോസ്റ്റാണ് സംഘർഷത്തിനിടയാക്കിയത്. വാടാനപ്പിള്ളി ഏഴാംകല്ല് ഭാഗത്തെ വിഭാഗവും വ്യാസ നഗർ ഉള്ള മറുവിഭാഗവും സമൂഹ മാധ്യമങ്ങളിൽ വാക്പോര് നടത്തിയിരുന്നു. തുടർന്ന് വ്യാസനഗർ ഗ്രൂപ്പിൽപ്പെട്ട ഹരിപ്രസാദ് കൊവിഡ് വാക്സിൻ എടുക്കാൻ വാടാനപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ എതിർ ഗ്രൂപ്പുകാർ ചോദ്യം ചെയ്തു. ഏഴാം കല്ല് ഗ്രൂപ്പിലെ സഹലേഷ്, സഫലേഷ്, രജു എന്നിവരാണ് വാക്കു തർക്കമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ വ്യാസനഗർ ഗ്രൂപ്പിൽപ്പെട്ട ഹിരണിന് കുത്തേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ ബി ജെ പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനോട് നാളെ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി. കുഴൽപ്പണവുമായി വന്ന ധർമ്മരാജനും സംഘത്തിനും തൃശൂരിൽ മുറിയെടുത്ത് നൽകിയത് സതീശനായിരുന്നു. എം.ജി റോഡിലെ നാഷണൽ ടൂറിസ്റ്റ് ഹോമിൽ മുറി ബുക്ക് ചെയ്തതിന്‍റെ രേഖകളും സി.സി ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

Comments (0)
Add Comment