മുറാദാബാദ്: പ്രാദേശിക പാര്‍ട്ടികള്‍ ദേശീയഗീതം പാടുന്നത് തെറ്റായാണെന്ന് വിമര്‍ശിച്ച ബി.ജെ.പി നേതാവിനോട് വന്ദേമാതരം പാടാന്‍ ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍റെ മുന്നില്‍ പൊളിഞ്ഞടുങ്ങി ബി.ജെ.പി നേതാവ്. ഉത്തർപ്രദേശിലെ മുറാദാബാദിൽ നടന്ന ബി.ജെ.പിയുടെ സങ്കൽപ് റാലിക്കിടെയായിരുന്നു ബി.ജെ.പി നേതാവിന്‍റെ പൊയ്മുഖം അഴിഞ്ഞത്.
ശിവം അഗര്‍വാള്‍ എന്ന ബി.ജെ.പി പ്രവര്‍ത്തകനാണ് ജനമധ്യത്തില്‍ പരിഹാസ്യനായത്. പ്രാദേശിക പാര്‍ട്ടികള്‍ വന്ദേമാതരം തെറ്റായാണ് പാടിയതെന്നും അവർ ദേശീയ ഗീതത്തോട് അനാദവ് കാണിക്കുകയാണെന്നുമായിരുന്നു ശിവം അഗർവാളിന്റെ കണ്ടെത്തല്‍. ഇതേത്തുടർന്ന് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടർ ഇയാളോട് വന്ദേമാതരം പാടാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വന്ദേമാതരം ഒരു വരി പോലും ചൊല്ലാന്‍ അറിയാതെ ശിവം അഗര്‍വാള്‍ ജനമധ്യത്തില്‍ പരുങ്ങി. റിപ്പോര്‍ട്ടര്‍ വീണ്ടും ആവശ്യപ്പെട്ടതോടെ തനിക്ക് ഫോണ്‍ വന്നെന്ന രീതിയില്‍ മൊബൈല്‍ ഫോണില്‍ പരതി സ്ഥലം കാലിയാക്കാന്‍ ശ്രമിച്ചെങ്കിലും റിപ്പോര്‍ട്ടര്‍ വിട്ടില്ല.
എങ്കില്‍ ജനഗണമന പാടാമോ എന്നായി റിപ്പോര്‍ട്ടര്‍. എന്നാല്‍ അപ്പോഴും ബി.ജെ.പി നേതാവിന് മൊബൈലില്‍ ‘അത്യാവശ്യ’ കോള്‍ വന്നു. അനുയായികളോടും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അവര്‍ ഓടിരക്ഷപ്പെട്ടു. ആകെ കുഴങ്ങിയ അഗര്‍വാള്‍ പിന്നീട് മൊബൈലില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ച് നിന്നെങ്കിലും റിപ്പോര്‍ട്ടർ വീണ്ടും ആവശ്യം ഉന്നയിച്ചു. ഇതോടെ രക്ഷയില്ലാതെയായ അഗര്‍വാളിന്‍റെ മറുപടി ഇതായിരുന്നു. “അതെനിക്കറിയാം… പക്ഷെ ഇപ്പോ പാടില്ല”
ഈ മറുപടിയോടെ കൂടെ നിന്ന അനുയായികള്‍ പോലും ചിരിയടക്കാനാവാതെ സ്ഥലം കാലിയാക്കി.
വീഡിയോ കാണാം: