‘നിന്‍റെ പേര് മുഹമ്മദെന്നാണോ? ആധാറെവിടെ’ : മധ്യപ്രദേശില്‍ മാനസിക അസ്വാസ്ഥ്യമുള്ള വയോധികനെ ബിജെപി പ്രവർത്തകന്‍ മർദ്ദിച്ചു കൊന്നു l വീഡിയോ

Jaihind Webdesk
Saturday, May 21, 2022

മധ്യപ്രദേശില്‍ മാനസിക അസ്വാസ്ഥ്യമുള്ള 65 കാരന്‍ മരിച്ചത് മര്‍ദ്ദനമേറ്റാണെന്ന് വ്യക്തമാകുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. വൃദ്ധന്‍റെ പേര് മുഹമ്മദാണോയെന്ന് ചോദിച്ചാണ് ബിജെപി നേതാവിന്‍റെ ഭര്‍ത്താവ് മൃഗീയമായി മര്‍ദ്ദിച്ചത്. ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ബിജെപി നേതാവിന്‍റെ ഭര്‍ത്താവ് ദിനേശ് ഖുഷ്വാഹയ്ക്ക് എതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

‘പേര് മുഹമ്മദാണോയെന്ന് ചോദിച്ചാണ് ബെഞ്ചില്‍ ഇരിക്കുകയായിരുന്ന മാനസിക അസ്വാസ്ഥ്യമുള്ള വൃദ്ധനെ മൃഗീയമായി മര്‍ദ്ദിച്ചത്. പിന്നീട് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നീമച്ച് ജില്ലയിലാണ് സംഭവം. ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് അക്രമിയെ പോലീസ് തിരിച്ചറിഞ്ഞു. രത്ലം ജില്ലയിലെ സാര്‍സിയില്‍ നിന്നുള്ള വയോധികന്‍ ഭന്‍വര്‍ലാല്‍ ജെയിനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 15 ന് രാജസ്ഥാനിലെ ഒരു മതപരമായ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇയാളെ കാണാതായെന്ന് പോലീസ് പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നീമച്ച് ജില്ലയിലെ റോഡരികില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തി.

പേരും ആധാര്‍ കാര്‍ഡും ചോദിച്ച ശേഷം വയോധികനെ തലയിലും ചെവിയിലും നിര്‍ത്താതെ അടിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിച്ചത് വ്യാഴാഴ്ചയാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തു വന്നു. ബിജെപി വിദ്വേഷം ആളി കത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ജിതു പട്വാരി ആരോപിച്ചു. പോലീസ് കേസ് എടുത്തെങ്കിലും നടപടി ഉണ്ടാകുമോയെന്ന് കണ്ടറിയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് പറഞ്ഞു.