79 സീറ്റുകൾ ബിജെപി വിജയിച്ചത് വോട്ടിംഗ് കണക്കുകളിൽ കൃത്രിമം കാട്ടി; ഗുരുതര ആരോപണവുമായി കോൺഗ്രസ്‌; തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണമെന്ന് ആവശ്യം

Jaihind Webdesk
Saturday, August 3, 2024

 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 79 സീറ്റുകൾ നേടിയത് പോളിംഗ് കണക്കുകളിൽ കൃത്രിമം കാണിച്ചെന്ന് കോൺഗ്രസ്. ഒഡീഷയിലും ആന്ധ്രാപ്രദേശിലും വ്യാപക ക്രമക്കേട് നടത്തി. പ്രാഥമിക അന്തിമ പോളിംഗ് ശതമാന കണക്കുകളിൽ 4.7 ശതമാനതിന്‍റെ വ്യത്യാസമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ  ഈ ഒരു കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു.

പോളിംഗില്‍ ഏകദേശം 1 ശതമാനത്തിന്‍റെ വ്യത്യാസം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ 12.5 ശതമാനം വരെയും,  ലക്ഷദ്വീപ് പോലുള്ള ചില സ്ഥലങ്ങളിൽ 25 ശതമാനം വരെയും വലിയ വ്യത്യാസം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും സന്ദീപ് ദീക്ഷിത് ചൂണ്ടികാട്ടി. ഇന്നത്തെ കാലത്ത്  ഓരോ രണ്ട് മണിക്കൂറിലും കണക്കുകൾ അപ്ഡേറ്റ് ചെയ്യപ്പെടുമ്പോൾ, അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവരാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്രയധികം സമയമെടുത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മേലുള്ള വിശ്വാസ്യതയിൽ മാത്രമല്ല, മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും സംശയങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ദീക്ഷിത് പറഞ്ഞു.

2019ൽ ആദ്യ, അവസാന വോട്ടിംഗ് കണക്കുകളിൽ ഒരു ശതമാനം വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂവെന്നും അഞ്ച് വർഷത്തിന് ശേഷം ശരാശരി വ്യത്യാസം 4.7 ശതമാനമായി ഉയർന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഒരു വിഷയത്തില്‍ തൃപ്തികരമായ  വിശദീകരണം തിരഞ്ഞെടുപ്പ് കമ്മീഷൻ   നൽകിയില്ലെങ്കിൽ  അന്വേഷണത്തിനായി കോൺഗ്രസ് ഉന്നത വേദിയെ സമീപിക്കുമെന്ന് ദീക്ഷിത് പറഞ്ഞു.