ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കും; ലഡാക്കിലും അരുണാചലിലും ചൈന ചെയ്യുന്നത് കേന്ദ്രം കാണുന്നില്ലേ?; രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, December 16, 2022

ജയ്‌പൂർ: ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് രാഹുല്‍ ഗാന്ധി. തന്‍റെ വാക്കുകള്‍ കുറിച്ചുവെച്ചോളു എന്നും  കോൺഗ്രസ് ഏകാധിപതികളുടെ പാർട്ടിയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.   ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി രാജ്യത്ത് വിദ്വേഷവും, ഭയവും അടിച്ചേൽപിക്കുന്നു. അതിനെതിരെയാണ് ഭാരത് ജോഡൊ യാത്ര. എനിക്ക് മുന്നെ നിരവധി മഹാന്മാരായ നേതാക്കൾ ഇത്തരം പദയാത്രകൾ നടത്തിട്ടുണ്ട്. കോൺഗ്രസിനെ വിലകുറച്ച് കാണരുത്.
ഹിന്ദി മേഖലകളിൽ ഭാരത് ജോഡോ യാത്ര  വിജയിക്കില്ലെന്ന് ചിലർ പറഞ്ഞു എന്നാൽ ജനങ്ങൾ ഇത് തെറ്റാണെന്ന് തെളിയിച്ചു. കേരളത്തിലും കർണാടകത്തിലും ഭാരത് ജോഡോ യാത്ര ജനപിന്തുണയിൽ ഏറ്റവും മികച്ചു നിന്നു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഇപ്പോൾ രാജസ്ഥാനിലും വൻ ജനക്കൂട്ടമാണ് യാത്രയെ സ്വീകരിച്ചത്. ഭരണത്തിൽ ഇല്ലാത്ത മധ്യപ്രദേശിൽ ആളുകൾ യാത്രയ്ക്ക് പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മാധ്യമങ്ങൾ ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസ് കാര്യക്ഷമമല്ലെന്ന് വരുത്തിത്തീർക്കാൻ പരിശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൻ്റെയും, കോൺഗ്രസ് പാർട്ടിയുടെയും പ്രതിച്ഛായക്ക് മങ്ങൽ ഏൽപിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു. അതിൽ ചില മാധ്യമങ്ങളും പങ്കു ചേരുന്നു. കോൺഗ്രസിന് തിരിച്ചടി എന്ന രീതിയിൽ പ്രചാരണം നടത്തുന്നത് ഇവരാണ്.  ബിജെപിയുടെയും ആർഎസ്എസിന്റെയും ലക്ഷ്യം മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയാണ്. ഇവരെ ഏറ്റവും കൂടുതൽ സഹായിച്ചത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് തന്‍റെ യാത്രയല്ല, രാജ്യത്തെ ജനങ്ങളുടെ യാത്രയാണ്. ചൈനയെക്കുറിച്ച്, അവരുടെ കടന്നുകയറ്റത്തെക്കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങൾ ഇല്ലേ എന്ന് രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകരോട് ചോദിച്ചു. ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് കേന്ദ്രം മൗനം പാലിക്കുകയാണ് , കേന്ദ്രസർക്കാർ ഉറങ്ങുന്നു. ലഡാക്കിലും അരുണാചലിലും ചൈന ചെയ്യുന്നത് കേന്ദ്രം കാണുന്നില്ലേ? ഇത് കേവലം കടന്നുകയറ്റ ശ്രമം അല്ല യുദ്ധത്തിനുള്ള തയാറെടുപ്പ് ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.