മുംബൈ: 2014 ല്‍ ബി.ജെ.പി അധികാരത്തിലെത്താന്‍ തന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന് അണ്ണാ ഹസാരെ. ലോക്പാല്‍, ലോകായുക്ത നിയമം നടപ്പാക്കുക എന്ന ആവശ്യപ്പെട്ട് നിലവില്‍ നിരാഹാരസമരം നടത്തുകയാണ് അണ്ണാ ഹസാരെ. സമരത്തിന്റെ ആറാം ദിനമാണ് ബിജെപിയുടെ രാഷ്ട്രീയ പൊള്ളത്തരങ്ങളെ തുറന്നുകാട്ടി ഹസാരെ രംഗത്തെത്തിയത്.
2014ല്‍ ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നു. ലോക്പാലിന് വേണ്ടിയുള്ള തന്റെ സമരങ്ങളാണ് ബിജെപിയെയും ആം ആദ്മി പാര്‍ട്ടിയേയും അധികാരത്തിലെത്തിച്ചതെന്ന് എല്ലാവര്‍ക്കും ഇക്കാര്യം അറിയാം. എന്നാല്‍, ഇപ്പോള്‍ അവരോടുള്ള എല്ലാ ബഹുമാനവും തനിക്ക് നഷ്ടപ്പെട്ടു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുകയാണ്. രാജ്യത്തെ ഏകാധിപത്യത്തിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ബിജെപി നയിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരും നുണകള്‍ മാത്രമാണ് പറയുന്നതെന്നും അണ്ണാ ഹസാരെ ആരോപിച്ചു.
ഇത് ഇങ്ങനെ എത്ര നാള്‍ തുടരാനാകും. സമരം തുടങ്ങിയ ശേഷം കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് വരുമെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് ജനങ്ങളെ കുഴപ്പിക്കുമെന്നതിനാല്‍ വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആദ്യം നടപടിയെടുത്ത ശേഷം അത് എഴുതി നല്‍കണം.
അവര്‍ നല്‍കിയ എല്ലാ ഉറപ്പുകളിലുമുള്ള എല്ലാ വിശ്വാസങ്ങളും നഷ്ടപ്പെട്ടു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ തന്റെ സമരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ഹസാരെ പറഞ്ഞു. തനിക്ക് രാജ്യം നല്‍കിയ പദ്മഭൂഷണ്‍ പുരസ്‌ക്കാരം തിരികെ നല്‍കുമെന്ന് അണ്ണ ഹസാരെ നേരത്തെ പറഞ്ഞിരുന്നു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നരേന്ദ്ര മോദിക്കായിരിക്കുമെന്നും അദ്ദേഹം സമരത്തിനിടെ വ്യക്തമാക്കിയിരുന്നു.