ബിജെപി തെരഞ്ഞെടുപ്പിന് മുമ്പ് വർഗീയ കലാപം സൃഷ്ടിക്കുമെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ്

ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്  യുഎസ് റിപ്പോർട്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് വർഗീയ കലാപം സൃഷ്ടിക്കുമെന്ന് യുഎസ് ഇന്‍റലിജൻസ് റിപ്പോർട്ടിൽ മുന്നറിയിപ്പ്.

യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ പുറത്തുവിട്ട ഏറ്റവും പുതിയ പതിപ്പിലാണ് ഈ മുന്നറിയിപ്പുള്ളത്.  തീവ്രഹിന്ദുത്വം, പാകിസ്ഥാനോടുള്ള അസഹിഷ്ണുത നിറഞ്ഞ  സമീപനം തുടങ്ങിയ ഇപ്പോഴത്തെ നിലപാടുകളില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍   ഉറച്ചുനിന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദോക് ലാം  വിഷയത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യ – ചൈന ബന്ധം വഷളായി തന്നെ തുടരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎസ് ഇന്‍റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്‌സ് ചൊവ്വാഴ്ച യുഎസ് കോണ്‍ഗ്രസിന്‍റെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഭീകരസംഘടനകളോട് പാകിസ്ഥാന്‍ സ്വീകരിക്കുന്ന മൃദുസമീപനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. താലിബാന്‍റെ നേതൃത്വത്തിലുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിക്കാനിടയുള്ളതായി മുന്നറിയിപ്പ് നല്‍കുന്ന റിപ്പോര്‍ട്ടില്‍  ഐസിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചെന്ന യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയെ റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ ഐഎസ് ഭീകരാക്രമണങ്ങള്‍ തുടരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

possibility of communal riotsDan Coats
Comments (0)
Add Comment