ഭാരത് ജോഡോ യാത്രയെ ഭയന്ന് ബിജെപി, കൊവിഡിന്‍റെ പേരില്‍ തടസപ്പെടുത്താന്‍ ശ്രമം; രാഹുല്‍ ഗാന്ധിക്ക് കത്ത്

Jaihind Webdesk
Wednesday, December 21, 2022

 

ന്യൂഡൽഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജനപ്രീതിയില്‍ ഭയന്ന് ബിജെപിയും കേന്ദ്ര സർക്കാരും. കൊവിഡിന്‍റെ പേരില്‍ യാത്ര തടസപ്പെടുത്താനുള്ള നീക്കവുമായി ബിജെപി രംഗത്തെത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഇല്ലെങ്കില്‍ യാത്ര അവസാനിപ്പിക്കണമെന്നും കാട്ടി കേന്ദ്രം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. യാത്രയുടെ ജനപ്രീതിയില്‍ ബിജെപിക്ക് അസഹിഷ്ണുതയെന്ന് കോൺഗ്രസ് പ്രതികരിച്ചു. കൊവിഡിന്‍റെ മറവില്‍ ബിജെപിയും കേന്ദ്രസർക്കാരും രാഷ്ട്രീയം കളിക്കുകയാണെന്ന വിമർശനമാണ് ഉയരുന്നത്.

ഭാരത് ജോ‍ഡോ യാത്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനുമാണ് കത്തയച്ചത് യാത്രയിൽ മാസ്‌കുകളും സാനിറ്റൈസറുകളും ഉപയോഗിക്കണമെന്നും പ്രതിരോധ കുത്തിവെപ്പ് എടുത്തവർ മാത്രം പങ്കെടുക്കണമെന്നും ആരോഗ്യ മന്ത്രാലയം കത്തിൽ പറയുന്നു. ചൈനയിൽ കൊവിഡിന്‍റെ പുതിയ തരംഗത്തെ തുടർന്നുള്ള ആശങ്കകൾക്കിടെയാണ് കത്ത്. ഭാരത് ജോഡോ യാത്ര നിലവിൽ ഹരിയാനയിലാണ് പര്യടനം നടത്തുന്നത്.

വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വ്യോമ ഗതാഗതത്തിന് നിയന്ത്രണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തുന്നത് നിയന്ത്രിക്കണമെന്നും വിമാനങ്ങൾക്ക് നിയന്ത്രണം വേണമെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മോദി കൊവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിച്ചോയെന്നും കോൺഗ്രസ് ചോദിച്ചു.