ഫേസ്ബുക്ക് പരസ്യത്തിനായി ഏറ്റവും അധികം തുക ചെലവഴിച്ച് ബിജെപി; 18 മാസത്തേക്ക് മുടക്കിയത് 4 കോടിയിലേറെ രൂപ

 

ന്യൂഡല്‍ഹി: ഫേസ്ബുക്ക് വഴിയുള്ള പരസ്യത്തിനായി ഏറ്റവും അധികം തുക ചെലവിട്ടത് ബിജെപി. 18 മാസത്തേക്ക് 4 കോടിയിലധികം രൂപയാണ് പാർട്ടി മുടക്കിയത്. ഫേസ്ബുക്ക് പരസ്യത്തിൽ ആദ്യ പത്തിൽ നാലെണ്ണവും ബിജെപിയുമായി ബന്ധമുള്ള പേജുകളാണ്.

2019 ഫെബ്രുവരി മുതലുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 18 മാസം കൊണ്ട് 4.61 കോടി രൂപയാണ് ബിജെപി ഫേസ്ബുക്ക് വഴി പരസ്യത്തിന് മുടക്കിയത്. ഫേസ്ബുക്ക് വഴി പരസ്യം നൽകിയ ആദ്യ പത്തിൽ 4 എണ്ണവും ബിജെപി ബന്ധമുള്ള പേജുകൾക്കാണ്. ഇവയുടെ വിലാസം ഡൽഹിലെ ബിജെപി ഹെഡ്‌ക്വാർട്ടേഴ്‌സിന്‍റേതാണ്. ബിജെപി നേതൃത്വവുമായും നേതാക്കളുമായും അടുത്തബന്ധം പുലർത്തുന്നവരാണ് പണം മുടക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

മൈ ഫസ്റ്റ് വോട്ട് ഫോർ മോദി, ഭാരത് കെ മാൻ കി ബാത്ത്, നേഷൻ വിത്ത് നമോ, ബിജെപി നേതാവ് ആർ കെ സിംഹയുമായി ബന്ധപ്പെട്ട പേജ് എന്നിവയാണ് ഇത്. ഈ നാല് പേജുകൾക്കായി 10.17 കോടി രൂപയാണ്  മുതല്‍മുടക്ക്. കൂടുതൽ പണം മുടക്കിയ രാഷ്‌ട്രീയ പാർട്ടികളുടെ പട്ടികയിൽ ആം ആദ്‌മി പാർട്ടിയുമുണ്ട്. 69 ലക്ഷം രൂപയാണ് ആം ആദ്‌മി പരസ്യങ്ങൾക്കായി ചെലവഴിച്ചത്. ഡെയ്‌ലി ഹണ്ട് 1 കോടി രൂപയും ഫ്ലിപ്‌കാർട്ട് 86.43 ലക്ഷം രൂപയുമാണ് പരസ്യത്തിനായി ഫേസ്ബുക്കിൽ ചെലവഴിച്ചത്.

Comments (0)
Add Comment