ഓഫീസ് ഒന്നു മതി ! സിപിഎം ഓഫീസ് ബിജെപി കാര്യാലയമാകുന്നത് തുടർക്കഥ ; റാന്നിയിലും കൂടുമാറ്റം

Jaihind News Bureau
Wednesday, March 3, 2021

 

പത്തനംതിട്ട : സംസ്ഥാനത്ത് സിപിഎം ഓഫീസുകള്‍ ബിജെപി കാര്യാലയമായി മാറുന്നത് തുടര്‍ക്കഥയാകുന്നു. റാന്നി പെരുനാട് പഞ്ചായത്ത് കക്കാട് വാര്‍ഡിലെ പ്രവര്‍ത്തകര്‍ മുഴുവന്‍ ബിജെപിയില്‍ ചേര്‍ന്നതിനുപിന്നാലെ സിപിഎം ഓഫീസ് ബിജെപി ഏറ്റെടുക്കുകയായിരുന്നു.

നേരത്തെ കോവളം നിയോജക മണ്ഡലത്തിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റികള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനുപിന്നാലെ സിപിഎം ഓഫീസ് ബിജെപി കാര്യാലയമാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷിന്റെ നേതൃത്വത്തിലാണ് മുല്ലൂര്‍ ബ്രാഞ്ചില്‍ ഉള്‍പ്പെട്ട ഓഫീസ് ബിജെപി കാര്യാലയമാക്കിയത്.

വിഴിഞ്ഞം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുക്കോല പ്രഭാകരന്‍ അടക്കം 86 സിപിഎം പ്രവര്‍ത്തകരാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചത്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തോട്ടം ബ്രാഞ്ച് കമ്മിറ്റിയിലെ 13 പാര്‍ട്ടി അംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പ്രദേശത്തെ സിഐടിയു പ്രവര്‍ത്തകരായ 20 പേരും ബിജെപി അംഗത്വം എടുത്തവരില്‍ ഉള്‍പ്പെടുന്നു.