ബംഗാളില്‍ മമത പിടിമുറുക്കുന്നു : എംഎല്‍എമാരുടെ കൊഴിഞ്ഞ്പോക്കില്‍ പകച്ച് ബിജെപി

കൊൽക്കത്ത : ബംഗാളില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയില്‍ കൊഴിഞ്ഞ്പോക്ക് വ്യാപകമാകുന്നു. തൃണമൂൽ കോൺഗ്രസിലേക്കുള്ള നേതാക്കളുടെ തിരിച്ചുപോക്ക്‌ തടയാനുള്ള ബിജെപി ശ്രമങ്ങളെല്ലാം വിഭലമാകുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംഎൽഎമാർ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരുവിഭാഗം എംഎൽഎമാർ വിട്ടുനിന്നു. ഇതോടെ കൂടുതൽ എംഎൽഎമാർ ബിജെപി വിട്ട് തൃണമൂലിലേക്ക് മടങ്ങിയേക്കുമെന്നാണ്‌ റിപ്പോർട്ട്.

ബംഗാൾ ഗവർണർ ജഗ്ദീപ് ധന്‍കറുമായി തിങ്കളാഴ്ച വൈകീട്ട് നടന്ന കൂടിക്കാഴ്ചയിൽ 74 ബിജെപി എംഎൽഎമാരിൽ 24എംഎൽഎമാരാണ് വിട്ടുനിന്നത്. ബംഗാളിൽ അരങ്ങേറുന്ന അക്രമങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും ഗവർണറെ അറിയിക്കാനും ചർച്ച ചെയ്യാനുമായിരുന്നു കൂടിക്കാഴ്ച.

24 എംഎൽഎമാരുടെ അസാന്നിധ്യം കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കൊപ്പം സുവേന്ദു അധികാരിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ എല്ലാ ബിജെപി എംഎൽഎമാരും തയ്യാറായിട്ടില്ലെന്ന സൂചനയും നൽകുന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കഴിഞ്ഞ ഡിസംബറിലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സുവേന്ദു അധികാരി തൃണമൂൽ വിട്ട് ബിജെപിയിലെത്തിയത്.

 

Comments (0)
Add Comment