രാജസ്ഥാനില്‍ ബിജെപി നേതാവ് പ്രഹ്ലാദ് ഗുഞ്ജാൽ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേർന്നു

Jaihind Webdesk
Friday, March 22, 2024

 

ജയ്പുർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ മറ്റു പാർട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. രാജസ്ഥാനില്‍ ബിജെപിയില്‍ നിന്ന് ഉള്‍പ്പെടെ നാല് പ്രധാന നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേർന്നു. ബിജെപി നേതാവും മുൻ എംഎൽഎയുമായ പ്രഹ്ലാദ് ഗുഞ്ജാൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച ഫത്തേ ഖാൻ, നരേഷ് മീണ, സുനിൽ പരിഹാർ എന്നിവരാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

കോട്ട, ബുണ്ടി, ബാരൻ, ജലവാർ ജില്ലകൾ ഉൾപ്പെടുന്ന ഹദോതി മേഖലയിലെ ശക്തനായ ഗുജ്ജർ നേതാവാണ് 63 കാരനായ ഗുഞ്ജാൽ.  2013-ല്‍ കോട്ട മണ്ഡലത്തില്‍ നിന്നാണ് പ്രഹ്ലാദ് ഗുഞ്ജാല്‍ നിയമസഭയിലെത്തിയത്. അടിത്തട്ടില്‍ പ്രവർത്തിക്കുന്ന നേതാക്കളെ ബിജെപി  ആസൂത്രിതമായി ഉന്മൂലനം ചെയ്യുകയും അവരുടെ സംഭാവനകൾ അവഗണിക്കുകയും ചെയ്യുകയാണെന്ന് രാജസ്ഥാന്‍ പിസിസി പ്രസിഡന്‍റ് ഗോവിന്ദ് സിംഗ് ദൊതാസ്ര പറഞ്ഞു. താൻ ആദ്യമായി നിയമസഭാംഗമാകുമ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശർമ്മ സർപഞ്ച് സ്ഥാനത്തേക്ക് ഭാഗ്യം പരീക്ഷിക്കുകയായിരുന്നുവെന്ന് പ്രഹ്ലാദ് ഗുഞ്ജാല്‍ പരിഹസിച്ചു. രണ്ടാം തവണ നിയമസഭാംഗമായപ്പോൾ നിലവിലെ മുഖ്യമന്ത്രി വീണ്ടും പഞ്ചായത്ത് സമിതിയിൽ അംഗമാകാൻ മത്സരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജയ്പൂരിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പിസിസി പ്രസിഡന്‍റ് ഗോവിന്ദ് സിംഗ് ദൊതാസ്ര, മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌ എന്നിവരുടെ സാന്നിധ്യത്തിലാണ് നേതാക്കള്‍ കോൺഗ്രസിൽ ചേർന്നത്. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ ഒരു മാസത്തിനിടെ സിറ്റിംഗ് എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ നിരവധി നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് എത്തിച്ചേർന്നത്. ഇന്ത്യ മുന്നണിക്കും കോണ്‍ഗ്രസിനും പ്രാദേശികമായി കൂടുതല്‍ കരുത്ത് പകരുന്നതാണ് നേതാക്കളുടെ കടന്നുവരവ്.