‘ഇസ്ലാമെന്ന് അറിയാന്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം’; കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ശ്രീധരന്‍പിള്ള

ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗ്ഗീയ പരാമര്‍ശവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള. ബലാക്കോട്ട് വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടെയാണ് വര്‍ഗ്ഗീയ പരാമര്‍ശം. ‘ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണമല്ലോ, ഡ്രസെല്ലാം മാറ്റി നോക്കണമല്ലോ അങ്ങനൊക്കെ ചെയ്തിട്ട് വരണമെന്നാണ് ഇവര്‍ പറയുന്നത്’ എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. ആറ്റിങ്ങല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രസംഗം.

‘ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാണെന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കില്‍ ഏത് മതക്കാരാണെന്ന് അറിയണമല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കണമല്ലോ’- പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.

ബാലാകോട്ടില്‍ ഭീകരവാദികള്‍ക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേര്‍ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുല്‍ ഗാന്ധി, സീതാരാം യെച്ചൂരി എന്നിവര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ‘ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണം’ എന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. മുസ്ലിം സമുദായത്തിലെ ചേലാകര്‍മ്മത്തെയാണ് ശ്രീധരന്‍പിള്ള ഉദ്ദേശിച്ചത്.

bjpsreedharan pillaiAttingal
Comments (0)
Add Comment