ബിജെപി വെറുപ്പും വിദ്വേഷവും പടർത്തുന്നു; തൊഴിലില്ലായ്മയും പട്ടിണിയും മാറ്റാന്‍ അവർക്ക് കഴിയുന്നില്ല: രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

Monday, September 12, 2022

തിരുവനന്തപുരം/കഴക്കൂട്ടം: കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. സമൂഹത്തില്‍ ബിജെപി വെറുപ്പും വിദ്വേഷവും പടർത്തുന്നു. എന്നാല്‍ വിലക്കയറ്റം തടയാനോ തൊഴിലില്ലായ്മയും പട്ടിണിയും മാറ്റാനോ ബിജെപിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ രണ്ടാം ദിവസത്തിലെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാത്ര വന്‍ വിജയമാക്കിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി സമാപനസമ്മേളനത്തിലെ പ്രസംഗം ആരംഭിച്ചത്. രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്ന ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്താണെന്നും അദ്ദേഹം വിശദീകരിച്ചു.

“യാത്ര വിജയമാക്കിയതിന് എല്ലാവർക്കും നന്ദി. എന്തിനാണ് ഭാരത് ജോഡോ യാത്ര എന്ന് പലരും ചോദിച്ചു. നമ്മുടെ രാജ്യത്തെ കുട്ടികൾ വിദ്യാഭ്യാസത്തിലുള്‍പ്പെടെ ഉയർന്ന നിലവാരം പുലർത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യം നിറവേറണം. ജനങ്ങളുടെ വേദനകൾ അകറ്റണം. ഇന്ത്യ എന്ന വലിയ രാജ്യത്ത് ഈ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് വെല്ലുവിളിയേറിയ കാര്യമാണ്. വിദ്വേഷത്തിലൂടെയും അക്രമത്തിലൂടെയും തെരഞ്ഞെടുപ്പിൽ ജയിക്കാം. എന്നാല്‍ വിലക്കയറ്റം തടയാനോ തൊഴിലില്ലായ്മയും പട്ടിണിയും മാറ്റാനോ ബിജെപിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. സമൂഹത്തിൽ ബിജെപി വെറുപ്പും വിദ്വേഷവും പടർത്തുന്നു. ഇതിനെല്ലാം എതിരെയാണ് ഈ യാത്ര” – രാഹുല്‍ പറഞ്ഞു.

മാധ്യമങ്ങൾക്ക് മേലിലും കേന്ദ്ര സർക്കാര്‍ സമ്മർദ്ദം ചെലുത്തുകയാണ്. രാജ്യത്തെ മാധ്യമങ്ങൾ സർക്കാരിന്‍റെ കാര്യങ്ങൾ മാത്രമാണ് പറയുന്നത്. രാജ്യം വെറുപ്പിന്‍റേയും വിദ്വേഷത്തിന്‍റേയും നാടായി മാറുന്നു. ഒന്നിച്ച് നിൽക്കുന്ന ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സന്ദേശമാകണം. അതിന് യാത്ര കൂടുതൽ ശക്തി പകരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.