വീരമൃത്യു വരിച്ച ജവാന്റെ അമ്മയ്ക്ക് ചെക്ക് കൈമാറുന്ന ഫോട്ടോയെടുക്കാന്‍ പിടിവലി; അമ്മയെ പിടിച്ചുവലിച്ച് ബിജെപി മന്ത്രിയും എംഎല്‍എയും

Jaihind Webdesk
Saturday, November 25, 2023


വീരമൃത്യു വരിച്ച ക്യാപ്റ്റന്റെ അമ്മയ്ക്ക് ചെക്ക് കൈമാറുന്നതിനിടെ ‘ഫോട്ടോ ഒപ്പിയെടുക്കാന്‍’ആവശ്യപ്പെട്ട് ബിജെപി മന്ത്രിയും എംഎല്‍എയും. ചെക്ക് വാങ്ങുന്നതിനിടെ ദുഖം താങ്ങാനാവാതെ കരഞ്ഞുതളര്‍ന്ന അമ്മ, ദയവു ചെയ്ത് ഫോട്ടോ എടുക്കരുതെന്നും ഈ അവസ്ഥ പരസ്യമാക്കരുതെന്നും ആവശ്യപ്പെട്ടെങ്കിലും തുടരെത്തുടരെ ഫോട്ടോ ക്ലിക്ക് ചെയ്യാനായിരുന്നു മന്ത്രിയും നേതാവും ശ്രമിച്ചത്. അമ്മയെ പിടിച്ചുവലിച്ചാണ് ഫോട്ടോയ്ക്ക് മുന്‍പില്‍ നിര്‍ത്തുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തനിയ്ക്ക് ചെക്കും പണവും വേണ്ടെന്നും തന്റെ മകനെ തിരിച്ചു തരൂവെന്നുമാണ് അമ്മ കരയുന്നതിനിടെ പറയുന്നത്. ജമ്മു കശ്മീരിലെ രജൗരിയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയുമുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച അഞ്ച് സൈനികരിലൊരാളാണ് ക്യാപ്റ്റന്‍ ശുഭം ഗുപ്ത. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്യാപ്റ്റന്‍ ഗുപ്തയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും 50 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടേയും ബിജെപി എംഎല്‍എയുടേയും നടപടി അങ്ങേയറ്റം ഹൃദയശൂന്യമെന്ന് കോണ്‍ഗ്രസും എഎപിയും വിമര്‍ശിച്ചു. മന്ത്രി യോഗേന്ദ്ര ഉപാധ്യായയും എംഎല്‍എ ജിഎസ് ധര്‍മേഷുമാണ് വിമര്‍ശനത്തിനു വിധേയരാകുന്നത്. ‘കഴുകന്‍മാര്‍’ എന്നാണ് എക്‌സ് വോളില്‍ പ്രചരിക്കുന്ന വിഡിയോക്ക് താഴെ നിറയുന്ന കമന്റുകള്‍.