
ബംഗാള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്ദേമാതരത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി. വന്ദേമാതരം, ജനഗണമന തുടങ്ങിയ ദേശീയ ഗാനങ്ങളോടും രവീന്ദ്രനാഥ ടാഗോര്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി, സുഭാഷ് ചന്ദ്രബോസ് എന്നിവരോടും ബിജെപിക്ക് യാതൊരു സ്‌നേഹവുമില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടോ ദേശീയ ഗാനങ്ങളുമായി ബന്ധപ്പെട്ടോ ബിജെപിക്ക് എന്ത് ബന്ധമാണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, ഇതിന്റെ യഥാര്‍ത്ഥ വസ്തുത പാര്‍ലമെന്റില്‍ പ്രിയങ്കാ ഗാന്ധിയും ഗൗരവ് ഗൊഗോയും ഉന്നയിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഉന്നയിച്ച അന്താരാഷ്ട്ര മാഫിയയുടെ ഇടപെടല്‍ എന്ന വിഷയം അതീവ ഗൗരവതരമാണെന്ന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ജനങ്ങളെ ഏറെ വേദനിപ്പിച്ച ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പ്രതിക്കൂട്ടിലാണ്. ഈ വിഷയം ജനശ്രദ്ധയില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകാന്‍ ശ്രമിക്കുമെങ്കിലും ജനങ്ങളുടെ മനസ്സില്‍ നിന്ന് അത് മായ്ക്കാന്‍ കഴിയില്ല. ‘അമ്പലക്കള്ളന്മാര്‍ക്ക് പിന്തുണ കൊടുക്കുന്ന സര്‍ക്കാര്‍ ആണ് കേരളം ഭരിക്കുന്നത് എന്ന് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. അത് വരും ദിവസങ്ങളില്‍ നമുക്ക് കൂടുതല്‍ വ്യക്തമാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.