‘സിപിഎം വിതയ്ക്കുന്നത് ബിജെപി കൊയ്യുന്നു’; രൂക്ഷ വിമര്‍ശനവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Jaihind Webdesk
Saturday, June 15, 2024

 

മലപ്പുറം: സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്. കമ്യൂണിസത്തെ മതത്തിന്‍റെ വർണ്ണക്കടലാസിൽ പൊതിഞ്ഞ് സിപിഎം മാർക്കറ്റ് ചെയ്യുന്നുവെന്നും ഇരുതല മൂര്‍ച്ചയുള്ള തന്ത്രങ്ങളാണ് ഇതിന് സിപിഎം തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം വിതയ്ക്കുന്നത് ബിജെപിയാണ് കൊയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലീഗ് മുഖപത്രം ചന്ദ്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തങ്ങളുടെ വിമര്‍ശനം.

ജനങ്ങളോട് ശരിയായി രാഷ്ട്രീയം പറയാനില്ലാതാവുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുതന്ത്രങ്ങള്‍ പുറത്തെടുക്കുന്നത് സിപിഎമ്മിന്‍റെ സ്ഥിരം ശൈലിയാണ്. കോഴിക്കോട്ട് എം.കെ. രാഘവനെതിരെ കരീംക്കയായും വടകരയില്‍ ഷാഫി പറമ്പിലിനെതിരെ വ്യാജകാഫിര്‍ സ്‌ക്രീന്‍ഷോട്ടായും വന്നത് ഇതിന്‍റെ ഉദാഹരണമാണ്. സിപിഎം കേരളത്തില്‍ നടത്തുന്ന മുസ്‌ലിം വിരുദ്ധപ്രചാരണങ്ങള്‍ ബിജെപിക്ക് സഹായമായി. സിപിഎം വിതയ്ക്കുന്നത് ബിജെപിയാണ് കൊയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏക സിവില്‍കോഡ്, സവര്‍ണ്ണ സാമ്പത്തിക സംവരണം, മുത്തലാഖ് നിരോധനം, ലൗ ജിഹാദ് എന്നിവ ആദ്യം ഉന്നയിച്ചത് സിപിഎമ്മാണ്.

കേരളത്തില്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ട് അട്ടിമറിച്ചതും മുസ്‌ലിം സംവരണം വെട്ടിക്കുറച്ചതും സിപിഎം സര്‍ക്കാരുകളാണ്. മുസ്‌ലാംമോഫോബിയയാണ് പിണറായി പോലീസിന്‍റെ മുഖമുദ്രയെന്ന് ഘടകകക്ഷിയായ സിപിഐ പോലും ആരോപിച്ചുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഇത്തവണ സമസ്തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാനായിരുന്നു പൊന്നാനിയില്‍ സിപിഎം ശ്രമം. സമുദായത്തിലെ സംഘടനകളുടെ പൊതുപ്ലാറ്റ്‌ഫോമാണ് മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് സിപിഎമ്മുകാര്‍ ഇനുയുമേറെ പഠിക്കാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ആത്മാവ് മതേതരവും ജനാധിപത്യത്തിലധിഷ്ടിതമായ സഹന സാമീപ്യവുമാണ്. സ്‌നേഹപ്പൊയ്കയില്‍ വിഷം കലക്കുന്നവര്‍ക്ക് വൈകാതെ  വാളെടുത്തവന്‍ വാളാല്‍ എന്ന അവസ്ഥയുണ്ടാകുമെന്നും ബിജെപിയെ ലക്ഷ്യമിട്ട് സാദിഖലി തങ്ങൾ പറഞ്ഞു.