പ്രധാനമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ച്ച, റാലി റദ്ദാക്കി ; പങ്കെടുക്കാന്‍ ആളില്ലാതെ യോഗം റദ്ദാക്കിയതാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി

പഞ്ചാബ് :ഫിറോസ്പുരിലെ ബിജെപി റാലിയില്‍ പങ്കെടുക്കാനെത്തിയ  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞതിനെ തുടര്‍ന്ന് മേല്‍പ്പാലത്തില്‍ 20 മിനിറ്റ് കുടുങ്ങി. ഇതോടെ ഫിറോസ്പുരിലെ റാലി റദ്ദാക്കി. കർഷകർ റോഡ് ഉപരോധിച്ചതു കാരണം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഭെയ്സിയാന വ്യോമതാവളത്തിലേക്കു മടങ്ങി.  വന്‍ സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായതെന്നും വിഷയം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പോകുമെന്നാണ് അറിയിപ്പുണ്ടായിരുന്നതെന്നും റോഡുമാർഗമുള്ള യാത്ര പിന്നീട് അറിയിച്ചതാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പറഞ്ഞു. സുരക്ഷാ വീഴ്ചയുണ്ടായില്ല. യോഗസ്ഥലത്ത് 70,000 കസേരയിട്ടിരുന്നെങ്കിലും 700 പേരോളമാണു വന്നതെന്നും റാലി റദ്ദാക്കാൻ ഇതാണു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ പഞ്ചാബിൽ ബിജെപിയുടെ ഒരു റാലിയും അനുവദിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹൻ) അറിയിച്ചു. ഫിറോസ്പുരിൽ 3 ആശുപത്രികളടക്കം 42,000 കോടിയുടെ വികസന പദ്ധതികൾക്കാണ് മോദി തുടക്കമിടേണ്ടിയിരുന്നത്.

Comments (0)
Add Comment