കണ്ണൂര്‍: സന്ദീപ് വാര്യർക്ക് എതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോർച്ച – ബി ജെ പി പ്രവർത്തകർ. കണ്ണൂർ അഴിക്കോട് നിയോജക മണ്ഡലം കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ റാലിയിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്. സന്ദീപ് വാര്യറെ പാട്ടാപ്പകൽ പാലക്കാട് നിന്ന് എടുത്തോളാം എന്നാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്. അലവിൽ നിന്ന് ചാലാടിലേക്കാണ് അനുസ്മരണ റാലി നടന്നത്.
ബിജെപി ദേശീയ വൈസ്പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടി, ബിജെപി സംസ്ഥാന സമിതി അംഗം ഉല്ലാസ് ബാബു മുഖ്യ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സജിത് ഉൾപ്പടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. ബിജെപി അഴിക്കോട് നിയോജക മണ്ഡലം പ്രസിഡന്‍റ് വിജയ്, റിജേഷ്, വിനീഷ് ബാബു, അർജ്ജുൻ മാവിലക്കണ്ടി എന്നിവർ മുദ്രാവാക്യം മുഴക്കി കൊണ്ട് മറ്റു നേതാകൾക്ക് ഒപ്പം റാലിയുടെ മുൻനിരയിൽ ഉണ്ടായിരുന്നു.
‘പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങളെടുത്തോളാം… ഒറ്റുകാരാ സന്ദീപേ’ എന്നാണ് മുദ്രാവാക്യം മുഴക്കിയത്. സന്ദീപ് വാര്യർക്ക് എതിരെ അസഭ്യ മുദ്രാവാക്യവും യുവമോർച്ച പ്രവർത്തകർ മുഴക്കി. കെ.ടി ജയകൃഷ്ണൻ അനുസ്മരണ റാലിയാണ് നടന്നതെങ്കിലും റാലിയിൽ ഉടനീളം സന്ദീപ് വാര്യർക്ക് എതിരായ മുദ്രാവാക്യമാണ് മുഴങ്ങിയത്. കാവിപ്പട എന്ന സമൂഹമാധ്യമ അക്കൗണ്ടിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.