ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ ബിജെപി അദ്ധ്യക്ഷന്റെ റീല്‍സ് ചിത്രീകരണം

Jaihind News Bureau
Tuesday, April 22, 2025

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച വീഡിയോ ചിത്രീകരിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. നടപ്പന്തലിലും ദീപസ്തംഭത്തിന് മുമ്പില്‍ നിന്നുമുള്ള വീഡിയോ ചിത്രീകരിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ആചാരലംഘനത്തിന് എതിരേ ഹൈക്കോടതി വിധി നിലനില്‍ക്കുമ്പോഴാണ് ബിജെപി അദ്ധ്യക്ഷന്റെ റീല്‍സ് ചിത്രീകരണം. ഇതിനെതിരേ കെപിസിസി മീഡിയ പാനലിസ്റ്റ് വി. ആര്‍ അനൂപ് പരാതി നല്‍കിയത്.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടപ്പന്തലിലും ദീപസ്തംഭത്തിന് മുന്‍പില്‍ നിന്നുമുള്ള വീഡിയോ ചിത്രീകരിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. വിവാഹങ്ങള്‍ക്കും ആചാരപരമായ കാര്യങ്ങള്‍ക്കും മാത്രം നടപ്പന്തലില്‍ വീഡിയോ ചിത്രീകരിക്കാന്‍ എന്നായിരുന്നു ഹൈക്കോടതിയുടെ വിധി. എന്നാല്‍ ഈ വിധി ലംഘിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ റീല്‍സ് ചിത്രീകരണം.

നടപ്പന്തലില്‍ കേക്ക് മുറിച്ച് റിലീസ് ചിത്രീകരിച്ച ചിത്രകാരി ജസ്ന സലീമിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. സെലിബ്രിറ്റികളോ ബ്ലോഗര്‍മാരോ നടപ്പന്തലില്‍ നിന്ന് വീഡിയോ ചിത്രീകരിക്കുകയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുതെന്നായിരുന്നു വിധി. എന്നാല്‍ ഹൈക്കോടതിയുടെ വിധി പോലും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഈ നടപടി. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. കെപിസിസി മീഡിയ പാനലിസ്റ്റ് വി. ആര്‍ അനൂപ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിനാണ് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.