ഇന്ദിരാ കാന്‍റീനുകളുടെ പേര് മാറ്റാന്‍ ബിജെപി നീക്കം : കർണാടക സർക്കാരിന്‍റേത് വെറുപ്പിന്‍റെ രാഷ്ട്രീയമെന്ന് കോൺഗ്രസ്

Monday, August 9, 2021

ബംഗ്ലൂരു : മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള കർണാടകയിലെ ഇന്ദിരാ കാന്‍റീനുകളുടെ പേര് മാറ്റാൻ ബിജെപി സർക്കാർ നീക്കം. അതിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ സർക്കാർ യോഗം വിളിച്ചു ചേർത്തു. ബിജെപി നിർദ്ദേശപ്രകാരമാണ് പേര് മാറ്റാൻ സർക്കാർ നീക്കം തുടങ്ങിയത്.

ഇന്ദിരാ കാന്‍റീന്‍റെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ദാരിദ്ര നിർമ്മാർജനത്തിനായി പ്രവർത്തിച്ച ഇന്ദിരാഗാന്ധിയുടെ പേരാണ് കാൻറീനുള്ളതെന്നും അത് മാറ്റാനുളള നീക്കം ലജ്ജാകരമാണെന്നും ബിജെപിയുടേത് വെറുപ്പിന്‍റെ രാഷ്ട്രീയമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

അതിനിടെ നാഗർഹോളെ രാജീവ്ഗാന്ധി കടുവാസങ്കേതത്തിന്‍റെ പേരും മാറ്റണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കുടക് ബിജെപി നേതൃത്വം പ്രധാനമന്ത്രിക്ക് കത്തയച്ചു. കെ എം കരിയപ്പയുടെയോ കെ എസ് തിമ്മയ്യയുടേയോ പേര് നൽകണമെന്ന് ആവശ്യം.