കൊവിഡ് വാക്സിന് ആരോഗ്യപ്രവര്‍ത്തകരെ വീട്ടിലെത്തിച്ച് പ്രജ്ഞ ; ഡാന്‍സ് ചെയ്യാന്‍ പ്രശ്നമില്ലേയെന്ന് വിമർശനം

Jaihind Webdesk
Friday, July 16, 2021

ഭോപ്പാല്‍ : ആരോഗ്യപ്രവര്‍ത്തകരെ വീട്ടിലെത്തിച്ച് കൊവിഡ് വാക്സിന്‍ എടുപ്പിച്ചതില്‍ ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ വിമർശനം.  വീട്ടില്‍ വച്ച് വാക്സിന്‍ സ്വീകരിക്കുന്ന പ്രജ്ഞയുടെ വിഡിയോ കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലുജ പങ്കുവച്ചു.

നിലവില്‍ പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും മാത്രമാണ് വീട്ടിലെത്തി വാക്സിന്‍ നല്‍കാന്‍ അനുവാദം. പ്രധാനമന്ത്രി നരേന്ദ്രമോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാനടക്കമുള്ളവര്‍ ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാണ് വാക്സീന്‍ സ്വീകരിച്ചത്. അപ്പോള്‍ പ്രജ്ഞക്ക് മാത്രം എന്ത് പ്രത്യേകതയാണ് ഉള്ളതെന്നാണ് വിമർശനം.

പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ നടപടിയെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നും പ്രജ്ഞക്ക് ആരോഗ്യപ്രശ്നമുള്ളതിനാലാണ് വീട്ടിലെത്തി വാക്സിന്‍ നല്‍കിയതെന്നുമാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ വാക്സിനെടുക്കുന്നതിന് മുമ്പുള്ള ദിവസം വിവാഹ പാര്‍ട്ടികളില്‍ ഡാന്‍സ് ചെയ്യുകയും ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്ന പ്രജ്ഞയുടെ ദൃശ്യങ്ങള്‍ ജനങ്ങള്‍ കണ്ടതാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിച്ചു.