Anurag Thakur| ശാസ്ത്രത്തെ പരിഹസിച്ച് ബിജെപി; ബഹിരാകാശത്ത് ആദ്യം പോയത് ഹനുമാനെന്ന് അനുരാഗ് ഠാക്കൂര്‍; രാജ്യത്തിന് നാണക്കേട്

Jaihind News Bureau
Monday, August 25, 2025

ന്യൂഡല്‍ഹി: രാജ്യത്തെ യുവതലമുറയുടെ മനസ്സില്‍ അശാസ്ത്രീയതയും അന്ധവിശ്വാസവും കുത്തിനിറയ്ക്കുന്ന ബിജെപിയുടെ ലജ്ജാകരമായ അജണ്ടയ്ക്ക് പുതിയ തെളിവായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപിഎംപിയുമായ അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവന. ബഹിരാകാശത്ത് ആദ്യമായി സഞ്ചരിച്ചതാരെന്ന സ്‌കൂള്‍ കുട്ടികളുടെ ചോദ്യത്തിന്, ശരിയായ ഉത്തരം നല്‍കി കുട്ടികളുടെ അറിവ് തിരുത്തുന്നതിന് പകരം, പുരാണത്തെ ചരിത്രമായി അവതരിപ്പിച്ച് ബിജെപി നേതാവ് നടത്തിയത് രാജ്യത്തിന് മുഴുവന്‍ അപമാനകരമായ പ്രവൃത്തി.

ഹിമാചല്‍ പ്രദേശിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിക്കിടെയാണ് അനുരാഗ് ഠാക്കൂര്‍ ഈ വിവാദ പ്രസ്താവന നടത്തിയത്. ‘ബഹിരാകാശത്ത് ആദ്യമായി പോയതാര്?’ എന്ന ഠാക്കൂറിന്റെ ചോദ്യത്തിന് കുട്ടികള്‍ ഒന്നടങ്കം ‘നീല്‍ ആംസ്‌ട്രോങ്’ എന്ന് മറുപടി നല്‍കി. യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ ഉത്തരം തെറ്റായിരുന്നു. 1961-ല്‍ സോവിയറ്റ് യൂണിയന്റെ യൂറി ഗഗാറിനാണ് ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യന്‍. എന്നാല്‍, കുട്ടികളുടെ തെറ്റ് തിരുത്തുന്നതിന് പകരം, ഠാക്കൂര്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ‘എനിക്ക് തോന്നുന്നത് അത് ഹനുമാന്‍ജി ആണെന്നാണ്.’

ഈ സംഭവം രണ്ട് ഗുരുതരമായ പരാജയങ്ങളാണ് തുറന്നുകാട്ടുന്നത്. ഒന്ന്, രാജ്യത്തെ വിദ്യാഭ്യാസ രീതിയുടെ ശോചനീയാവസ്ഥ. ബഹിരാകാശത്ത് ആദ്യമെത്തിയതാരെന്ന അടിസ്ഥാനപരമായ ചോദ്യത്തിനുപോലും ശരിയായ ഉത്തരം നല്‍കാന്‍ കുട്ടികള്‍ക്ക് കഴിയുന്നില്ല. രണ്ട്, ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരു നേതാവിന്റെ ഉത്തരവാദിത്തമില്ലായ്മ. കുട്ടികളുടെ തെറ്റ് തിരുത്തി ശാസ്ത്രീയമായ അറിവ് പകരുന്നതിന് പകരം, പുരാണത്തെ ചരിത്രമായി അവതരിപ്പിച്ച് അവരെ കൂടുതല്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ഠാക്കൂര്‍ ചെയ്തത്.

ശാസ്ത്രീയ മനോവൃത്തി വളര്‍ത്തുക എന്നത് ഭരണഘടനയുടെ 51 എ (എച്ച്) അനുച്ഛേദം അനുശാസിക്കുന്ന മൗലിക കര്‍ത്തവ്യമായിരിക്കെ, അതിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് ബിജെപി നേതാവ് ചെയ്തിരിക്കുന്നത്. ‘അധിനിവേശ ചിന്താഗതി മാറ്റുക’, ‘സനാതന മൂല്യങ്ങളില്‍ അഭിമാനം കൊള്ളുക’ തുടങ്ങിയ ഓമനപ്പേരില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത് ചരിത്രത്തെയും ശാസ്ത്രത്തെയും കാവിവല്‍ക്കരിക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

പുരാണവും ചരിത്രവും തിരിച്ചറിയാത്ത ഭരണാധികാരികള്‍

വിശ്വാസങ്ങളെയും പുരാണങ്ങളെയും ബഹുമാനിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ അവയ്ക്ക് ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും സ്ഥാനം നല്‍കുന്നത് അപകടകരമാണ്. പാഠപുസ്തകങ്ങള്‍ക്ക് പുറത്തു ചിന്തിക്കണമെന്നും നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് പഠിക്കണമെന്നും ഠാക്കൂര്‍ കുട്ടികളോട് പറയുന്നുണ്ട്. എന്നാല്‍, ആ പാരമ്പര്യത്തിന്റെ പേരില്‍ അസംബന്ധങ്ങള്‍ പഠിപ്പിക്കുന്നത് യുവതലമുറയോട് ചെയ്യുന്ന കൊടുംദ്രോഹമാണ്.

അനുരാഗ് ഠാക്കൂറിന്റെ ഈ പ്രസ്താവനയെത്തുടര്‍ന്ന്, അദ്ദേഹം എക്‌സില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ‘കമ്മ്യൂണിറ്റി നോട്ട്’ പ്രത്യക്ഷപ്പെട്ടത് ബിജെപിക്ക് അന്താരാഷ്ട്ര തലത്തില്‍ തന്നെ നാണക്കേടായി. ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യന്‍ യൂറി ഗഗാറിന്‍ ആണെന്നും, ഹനുമാനോ നീല്‍ ആംസ്‌ട്രോങ്ങോ അല്ലെന്നുമുള്ള തിരുത്തലാണ് ഈ നോട്ടിലുള്ളത്. ഇത് തെളിയിക്കുന്നത്, ബിജെപി നേതാക്കളുടെ ഇത്തരം ജല്‍പ്പനങ്ങള്‍ ലോകം എത്രത്തോളം പരിഹാസത്തോടെയാണ് കാണുന്നത് എന്നാണ്.