കള്ളന്‍ കപ്പലില്‍ തന്നെ ; കൊവിഡ് കിടക്കകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന ആരോപണത്തില്‍ വെട്ടിലായി ബിജെപി എംപി

Jaihind Webdesk
Sunday, May 9, 2021

ബംഗളുരു  : സ്വകാര്യ ആശുപത്രിയിലെ കൊവിഡ് കിടക്കകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച ബിജെപി എം.പി തേജസ്വി സൂര്യ കുരുക്കില്‍. അന്വേഷണം എത്തിനിന്നത് ആരോപണം ഉന്നയിച്ചെത്തിയ തേജസ്വിക്ക് ഒപ്പമുണ്ടായിരുന്ന എംഎല്‍എയുടെ പേഴ്സണല്‍ അസിസ്റ്റന്‍റില്‍. ഇയാള്‍ക്ക് കിടക്കകള്‍ മറിച്ചുവില്‍ക്കുന്ന ലോബിയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതോടെ ബിജെപി എംപിയും കുരുക്കിലായി.

കിടക്കകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് തേജസ്വി സൂര്യയും മറ്റ് രണ്ട് ബിജെപി എംഎല്‍എമാരുമായിരുന്നു. തുടര്‍ന്ന് ബംഗളൂരുവിലെ കൊവിഡ് വാര്‍ റൂമിലെത്തി ഫയലുകള്‍ പരിശോധിക്കുകയും ഉദ്യോഗസ്ഥരോട് കയർക്കുകയും ചെയ്തിരുന്നു. തേജസ്വിക്കൊപ്പമുണ്ടായിരുന്ന എംഎല്‍എയുടെ പിഎ തന്നെയാണ് ഇത്തരത്തില്‍ കിടക്കകള്‍ മറിച്ചുവില്‍ക്കുന്നതെന്ന് കണ്ടെത്തിയതോടെ ആരോപണം തിരിച്ചടിച്ചു.ഇയാളെ വൈകാതെ പൊലീസ് ചോദ്യം ചെയ്യും. നിലവില്‍ കൊവിഡ് ബാധിതനായി ചികിത്സയിലാണിയാള്‍.

സംഭവവുമായി ബന്ധപ്പെട്ട് ബംഗളുരു പൊലീസ് ഇതുവരെ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിനെ വെട്ടിലാക്കുന്നതായിരുന്നു ബിജെപി എംപി തേജസ്വി സൂര്യയുടെ വെളിപ്പെടുത്തല്‍. പിന്നാലെ കൊവിഡ് വാർ റൂമില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ഉദ്യോഗസ്ഥരുടെ പേരുകള്‍ മാത്രം വിളിച്ചുപറഞ്ഞ് വിഷയത്തെ വർഗീയവത്ക്കരിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിനെതിരെ കർണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാർ ശക്തമായി രംഗത്തെത്തിയിരുന്നു.