മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാന്‍ നീക്കവുമായി ബിജെപി; ഫഡ്നാവിസിനായി കരുനീക്കം

Jaihind Webdesk
Tuesday, June 21, 2022

മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ കരുനീക്കവുമാായി ബിജെപി. കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യത്തിലെ 22 അംഗങ്ങളെ ബിജെപിക്കൊപ്പം നിർത്തി മഹാ വികാസ് അഘാടി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.  മുതിർന്ന ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 22 എംഎൽഎമാർ ഗുജറാത്തിലെ റിസോർട്ടിലേക്ക് മാറി. സർക്കാരിനെ പ്രതിരോധത്തിലാക്കിയ ഷിൻഡെയെ നിയമസഭാ കക്ഷി നേതാവിന്‍റെ സ്ഥാനത്തുനിന്ന് മാറ്റി പകരം അജയ് ചൗധരിയെ നിയമിച്ചു.

അതേസമയം സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ കരുനീക്കങ്ങൾക്ക് തടയിടാൻ തിരക്കിട്ട നീക്കവുമായി ശിവസേന-കോൺഗ്രസ്-എൻസിപി നേതാക്കളും സജീവമായി. എൻസിപി നേതാവ് ശരത് പവാർ ഇന്ന് രാത്രി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും.  ബിജെപിയുടെ മഹാരാഷ്ട്രയിലെ ‘ഓപ്പറേഷന്‍ താമര’യുടെ ഭാഗമായി മഹാവികാസ് അഘാഡി സഖ്യ സർക്കാരിലെ 22 അംഗ വിമതസംഘത്തെ സൂറത്തിലെ റിസോർട്ടിലേക്ക് മാറ്റി. മുതിർന്ന ശിവസേന നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണ് മറ്റ് 21 എംഎൽഎമാരും മറുകണ്ടം ചാടാൻ തയാറെടുത്തിരിക്കുന്നത്. ഇവരുടെ കൂടെ പിന്തുണ നേടി ദേവേന്ദ്ര ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കി സർക്കാരുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. ഉപമുഖ്യമന്ത്രിയാക്കണമെന്ന് ഷിൻഡെ അവകാശവാദം ഉന്നയിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അത്തരം വാഗ്ദാനം നൽകിയിട്ടില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വാദം. സർക്കാരിനെ പ്രതിരോധത്തിലാക്കിയ ഷിൻഡെയെ നിയമസഭാ കക്ഷി നേതാവിന്‍റെ സ്ഥാനത്തുനിന്ന് മാറ്റി പകരം അജയ് ചൗധരിയെ നിയമിച്ചു.

അതേസമയം സർക്കാരിനെ നിലനിർത്താൻ ഊർജിത ശ്രമമാണ് കോൺഗ്രസ്, എൻസിപി, ശിവസേന നേതാക്കൾ നടത്തുന്നത്. മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ ഉദ്ധവ് താക്കറെ തയാറായതായും സൂചനയുണ്ട്. എഐസിസി നിരീക്ഷകനായി കമൽനാഥും പ്രശ്‌ന പരിഹാരത്തിനായ് ശ്രമിക്കുന്നുണ്ട്. വിമത എംഎൽഎമാരുമായുള്ള അനുരഞ്ജന ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. അപ്രതീക്ഷിതമായ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഒരു കുഴപ്പവും ഇല്ലെന്നും എല്ലാം ശുഭമാണെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ പ്രതികരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയിൽ സമ്പൂർണ്ണ വിശ്വാസമുണ്ടെന്നും പവാർ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ മുൻനിർത്തി ഭരണം പിടിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്.